Sorry, you need to enable JavaScript to visit this website.

21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന്  ഉറപ്പുവരുത്തണം- മദ്രാസ് ഹൈക്കോടതി 

ചെന്നൈ- മദ്യം വാങ്ങുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
മദ്യാസക്തി വര്‍ധിക്കുകയും പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ പലരും മദ്യത്തിന് അടിമയാവുകയും ചെയ്യുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്. 21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയുംവേണം. സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബാറുകളുടെയും പബ്ബുകളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

Latest News