ദുബായ്- ടാക്‌സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ ദുബായില്‍ 6,500 ടാക്‌സികള്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ക്യാമറ ഘടിപ്പിച്ചു. ദുബായിലെ 10,221 ടാക്‌സി കാറുകളിലും ഈ വര്‍ഷാവസാനത്തോടെ ക്യാമറ ഘടിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ ടി എ അറിയിച്ചു. യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റവും ഡ്രൈവിങ് നിയമങ്ങള്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്നും ഈ ക്യാമറകള്‍ വഴി ആര്‍ ടി എ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാലുടന്‍ ഈ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ആര്‍ ടി എ വീണ്ടെടുത്ത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ആദില്‍ ശക്രി പറഞ്ഞു.
ടാക്‌സി സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവവും സുരക്ഷയും ഉറപ്പു വരുത്താനാണ് കാറുകള്‍ക്കുള്ളില്‍ തന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന മികവും കാര്യക്ഷമതയും ഉറപ്പുവരുത്താനാകുമെന്നും ആര്‍ടിഎ പറയുന്നു.