റിയാദ്- റിയാദില്‍ മഴ ശക്തമായി തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മഴ തുടങ്ങിയത്. രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.റോഡുകളില്‍ വെള്ളക്കെട്ടുണ്ടാവുന്നത് നഗരസഭ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും ഭാഗത്ത് വെളളക്കെട്ടുണ്ടെങ്കില്‍ ട്രാഫിക് വിഭാഗത്തിന്റെ സഹകരണത്തോടെ വെള്ളം ടാങ്കറുകളില്‍ ഒഴിവാക്കിയും ഡ്രൈനേജിലേക്കുള്ള തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ ചില പ്രദേശങ്ങളില്‍ വില്ലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അടിയന്തര സഹായങ്ങള്‍ ഒരുക്കുകയാണ്. ദര്‍ഇയ്യക്കടുത്ത് ബവാബ അല്‍ശര്‍ഖില്‍ നിരവധി വില്ലകളില്‍ വെള്ളം കയറി. ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് മഴ തുടരുന്നത്. ഇതോടെ താപനില ഗണ്യമായി കുറഞ്ഞു.
തടാകമായി മാറി പുതിയ ടൗണ്‍ഷിപ്പ്; താമസക്കാരെ റബര്‍ ബോട്ടുകളില്‍ ഒഴിപ്പിച്ചു
റിയാദ് - ശക്തമായ മഴ കാരണം തലസ്ഥാന നഗരിയിലെ ഈസ്റ്റ് ഗെയ്റ്റ് പദ്ധതി ഡിസ്ട്രിക്ട് തടാകമായി മാറി. നൂറു കണക്കിന് പുതിയ വില്ലകള്‍ അടങ്ങിയ ഈ ഡിസ്ട്രിക്ട് മുഴുവന്‍ വെള്ളം മൂടി കൂറ്റന്‍ തടാകമായി മാറുകയായിരുന്നു. വില്ലകളില്‍ കുടുങ്ങിയ സ്ത്രീകള്‍ അടക്കമുള്ള താമസക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ റബ്ബര്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു.
മഴവെള്ളം തിരിച്ചുവിടാനുള്ള ഡ്രൈനേജ് സംവിധാനം നിര്‍മിക്കാതെ കരാറുകാരന്‍ പദ്ധതി കൈമാറിയതാണ് ഡിസ്ട്രിക്ട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങാന്‍ കാരണമെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. പുതിയ പാര്‍പ്പിട പദ്ധതി പ്രദേശത്ത് ഡ്രൈനേജ് സംവിധാനമില്ലാത്തതിനെ കുറിച്ച് രണ്ടാഴ്ച മുമ്പ് തങ്ങള്‍ പദ്ധതി എന്‍ജിനീയര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഗെയ്റ്റ് പദ്ധതി ഡിസ്ട്രിക്ടിലെ മുഴുവന്‍ കെട്ടിടങ്ങളിലും താമസക്കാരായിട്ടില്ല. കുറച്ച് കെട്ടിടങ്ങളില്‍ മാത്രമാണ് കുടുംബങ്ങള്‍ താമസം തുടങ്ങിയിരിക്കുന്നത്. ഇവിടുത്തെ വില്ലകളുടെ വില്‍പന പുരോഗമിക്കുകയാണ്.