ന്യൂദല്‍ഹി- പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടമാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയുടെ മൃതദേഹം ദല്‍ഹിയിലെ മിയാന്‍വാലി നഗര്‍ പ്രദേശത്ത് കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ ഗുംല സ്വദേശി മന്‍ജീത് കര്‍കേട്ടയെന്ന 30 കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദര്‍ സിംഗ് സാഗര്‍ അറിയിച്ചു.
വീട്ടുവേല ചെയ്തതിനുള്ള വേതനം ചോദിച്ചതിനാണ് പെണ്‍കുട്ടിയെ
പ്രതിയും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍നിന്ന് പെണ്‍കുട്ടികളെ ദല്‍ഹിയിലെത്തിച്ച് വീട്ടുവേലക്കായി നല്‍കാറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചു. പെണ്‍കുട്ടികളെ ഇവരുടെ നിയന്ത്രണത്തില്‍തന്നെ നിര്‍ത്തുന്നതിന് ശമ്പളം പൂര്‍ണമായി നല്‍കിയിരുന്നില്ല. പെണ്‍കുട്ടി ശമ്പളത്തുക ലഭിക്കുന്നതിന് സമ്മര്‍ദം തുടര്‍ന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മിയാന്‍വാലി നഗറിലെ ജവല്‍പുരി പ്രദേശത്ത് ഈ മാസം നാലിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം തുണ്ടമാക്കിയ നിലയില്‍ ലോക്കല്‍ പോലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ 200 വീടുകളില്‍ ലോക്കല്‍ ഇന്റലിജന്‍സ് പരിശോധന നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്തിയ ദിവസം സ്ഥലത്തുനിന്ന് അപ്രത്യക്ഷനായ ഒരാളെ കുറിച്ച് നടത്തിയ അന്വേഷണം കേസില്‍ വഴിത്തിരിവായി.
നംഗ്‌ളോയിയില്‍ താമസിച്ചിരുന്ന ഇയാള്‍ ജാര്‍ഖണ്ഡിലെ ഗുംല സ്വദേശിയാണെന്ന് പോലീസിനു കണ്ടെത്താന്‍ സാധിച്ചു. പലയിടത്തും റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ നംഗ്‌ളോയിയിലെ ഭൂട്ടോണ്‍ വാലിയില്‍ ഇയാള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കാത്തിരുന്നു. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ താനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
ഇയാളും സഹായികളായ സാഹു, ഗൗരി എന്നിവരും ചേര്‍ന്നാണ് ജോലിയും നല്ല ശമ്പളവും വാഗ്ദാനം ചെയ്ത് ജാര്‍ഖണ്ഡില്‍നിന്ന് പെണ്‍കുട്ടികളെ ദല്‍ഹിയില്‍ എത്തിച്ചിരുന്നത്.
പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പാണ് ദല്‍ഹിയില്‍ ജോലിക്കെത്തിയതെന്നും ശമ്പളം ചോദിച്ച് കുഴപ്പമുണ്ടാക്കമെന്ന് ഭയന്നതിനാലാണ് സാഹു, ഗൗരി എന്നിവരോടൊപ്പം മുഖ്യപ്രതി മന്‍ജീത് കൊലപാതകം ആസൂത്രണം ചെയ്തത്.