ലണ്ടൻ- ഹാരി രാജകുമാരന്റെ ആത്മകഥയായ സ്‌പെയറിനെതിരെ രൂക്ഷ വിമർശനം. മാധ്യമങ്ങൾ, കമന്റേറ്റർമാർ, മുൻ സൈനിക മേധാവികൾ തുടങ്ങിയവർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. താലിബാനിൽനിന്ന് വരെ വിമർശനം നേരിട്ടു. അതേസമയം, ബക്കിംഗ്ഹാം കൊട്ടാരം നിശബ്ദത പാലിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഹാരി രാജകുമാരന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ അതിന് മുമ്പു തന്നെ സ്പാനിഷ് പതിപ്പ് അപ്രതീക്ഷിതമായി പുറത്തുവന്നു. പുസ്തകത്തിലെ ഉള്ളടക്കം സംബന്ധിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പതിനേഴാം വയസിൽ തന്നെ ഒരു സ്ത്രീ ലൈംഗീകമായി ഉപയോഗിച്ചുവെന്നും മയക്കുമരുന്ന് കഴിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയ ഹാരി അഫ്ഗാൻ യുദ്ധത്തിനിടെ 25 താലിബാൻ ഭീകരരെ കൊന്നുവെന്നും എഴുതി.
രാജകുടുംബവുമായുള്ള വിള്ളലിനെക്കുറിച്ച് പുറത്തുപറയാൻ ഹാരി ഏറെ സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സംശയം. കഴിയുന്നത്ര വിഷം പുറന്തള്ളാൻ അദ്ദേഹം തീരുമാനിച്ചുവെന്നുമാണ് പ്രമുഖ എഴുത്തുകാരൻ എ.എൻ വിൽസൺ ഡെയ്‌ലി മെയിലിൽ എഴുതിയത്. ഹാരിയും അദ്ദേഹത്തിന്റെ അമേരിക്കൻ ഭാര്യ മേഗനും രാജകീയ ചുമതലകൾ ഉപേക്ഷിച്ച് 2020-ൽ കാലിഫോർണിയയിലേക്ക് മാറിയതിന് ശേഷം നടത്തിയ ഏറ്റവും പുതിയ ശത്രുതാപരമായ സ്‌ഫോടനമാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങൾക്കും പ്രോഗ്രാമുകൾക്കുമായി നിരവധി ലാഭകരമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്.
പുസ്തകം അബദ്ധത്തിൽ മാർക്കറ്റിൽ എത്തിയെങ്കിലും വിവാദമായതോടെ പുസ്തകം പിൻവലിച്ചു. എന്നാൽ അതിന് മുമ്പു തന്നെ പുസ്തകങ്ങൾ നിരവധി മാധ്യമങ്ങൾ കൈവശപ്പെടുത്തി. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ, 38 കാരനായ ഹാരിയോട് ആളുകൾ സഹതപിക്കുകയും പൊതുജനങ്ങളുടെ മുന്നിൽ ദുഃഖിക്കുകയും ചെയ്തിരന്നു. എന്നാൽ, 'സ്വന്തം കുടുംബത്തെ അപമാനത്തിലേക്ക് തള്ളിവിട്ട് ഹാരി തിരഞ്ഞെടുത്ത വിനാശകരവും പ്രതികാരപരവുമായ പാതയെ ന്യായീകരിക്കാൻ ആർക്കും കഴിയില്ലെന്ന് സൺ ടാബ്ലോയിഡ് പത്രം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ 25 പേരെ കൊന്നുവെന്ന അവകാശവാദത്തെ മുൻ സൈനിക ഉദ്യോഗസ്ഥർ തള്ളിപ്പറഞ്ഞു. സൈന്യം ഇങ്ങിനെയല്ല പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. മിസ്റ്റർ ഹാരി, നിങ്ങൾ കൊന്നത് ചെസ്സ് പീസുകളല്ല, അവർ മനുഷ്യരായിരുന്നു; തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങൾ അവർക്കുണ്ടായിരുന്നുവെന്നാണ് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ അനസ് ഹഖാനി ട്വീറ്റ് ചെയ്തത്. അതേസമയം, പുസ്തകം സംബന്ധിച്ച് കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
പതിനേഴാം വയസിൽപ്രായമായ സ്ത്രീക്കു മുമ്പിൽ ചാരിത്ര്യം നഷ്ടമായെന്നും ഹാരി രാജകുമാരൻ ആത്മകഥയിൽ എഴുതി. തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീക്കൊപ്പം സെക്‌സിൽ ഏർപ്പെട്ടതാണ് ചാരിത്ര്യം നഷ്ടമാക്കിയതെന്ന് ഹാരി സ്മരിക്കുന്നു. പേരുവെളിപ്പെടുത്താത്ത ഈ സ്ത്രീ തന്നെ ഒരു യുവ വിത്തുകുതിരയെ പോലെയാണ് പരിഗണിച്ചത്. തിരക്കേറിയ ഒരു പബ്ബിന് പിന്നിലെ വയലിൽ വെച്ചായിരുന്നു സംഭവം. 2001ൽ വിൻഡ്‌സറിലെ എട്ടൺ കോളേജിൽ വിദ്യാർത്ഥിയായിരിക്കവെയാണ് ഇത്. ഒരു അധ്യാപിക വിദ്യാർത്ഥിയെ പഠിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചത്. ഇതിന് ശേഷം രാജകുടുംബത്തിലെ ബോഡിഗാർഡുമാരിൽ ഒരാളായ മാർക്കോ രാജകുമാരനെ കാണാനെത്തി. തന്റെ ആദ്യ സെക്‌സിനെ കുറിച്ച് അറിഞ്ഞാണ് മാർക്കോ വന്നതെന്നാണ് ആദ്യം താൻ സംശയിച്ചത്. ഇത് നാണംകെട്ട അനുഭവമായിരുന്നു. സിറ്റി സെന്ററിലെ കഫേറ്റീരിയയിൽ എത്തിയ ബോഡിഗാർഡിന്റെ മുഖം മ്ലാനമായിരുന്നു. സത്യം കണ്ടെത്താനാണ് തന്നെ അയച്ചതെന്ന് അദ്ദേഹം അറിയിച്ചതോടെ തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചാകുമെന്നാണ് ആദ്യം സംശയിച്ചത്. തനിക്ക് സംഭവിച്ച പല തെറ്റുകളിൽ ഒന്നായാണ് ഹാരി ഇതേക്കുറിച്ച് പറയുന്നത്. എന്നാൽ ചാൾസ് രാജാവിന്റെ പ്രസ് ഓഫീസിന് താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഒരു പത്രത്തിന് തെളിവ് ലഭിച്ചെന്ന വിഷയത്തെ കുറിച്ച് അന്വേഷിക്കാനായിരുന്നു ബോഡിഗാർഡ് എത്തിയത് എന്നും പുസ്തകത്തിൽ പറയുന്നു.