Sorry, you need to enable JavaScript to visit this website.

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ട്രാവൽ ഏജൻസിയിൽ റെയ്ഡ്

സ്ഥാപനമുടമ കിഷോർ കുമാർ

കണ്ണൂർ-ഇംഗ്ലണ്ടിൽ ഉൾപ്പെടെ ജോലി വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയിൽ പോലീസ് റെയ്ഡ്. തളിപ്പറമ്പ് ചിറവക്കിലെ  സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ലാപ് ടോപ്പും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ ഉടമകളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. സ്ഥാപന ഉടമകൾക്കെതിരെ ഇന്നലെ മാത്രം ആറു പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് റെയ്ഡ്. തളിപ്പറമ്പ് സ്വദേശി പി.പി കിഷോർ കുമാർ, സഹോദരൻ കിരൺ കുമാർ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവർ ഒളിവിലാണ്. 
തട്ടിപ്പിനിരയായി വയനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയതോടെയാണ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ എത്തിത്തുടങ്ങിയത്. ഇന്നലെ തളിപ്പറമ്പ് സ്റ്റേഷനിൽ മാത്രം ആറ് പരാതികളാണ് ലഭിച്ചത്. 
ഉദയഗിരി അരിവിളഞ്ഞപൊയിൽ വെണ്ണയപ്പള്ളി ഹൗസിൽ ഡാനി തോമസ്, കേളകം അടക്കാത്തോട് പള്ളിവാതുക്കൽ ഹൗസിൽ എബി അബ്രഹാം, കൂത്തുപറമ്പ് ആമ്പിലാട്ട് പാഠായി ഹൗസിൽ എൻ.വി പ്രശാന്ത്, കാസർകോട് പാലാവയൽ വയനാട്ട് ഹൗസിൽ ജോയറ്റ് ജോസഫ്, ചെറുപുഴ എടവരമ്പ് ഒലിക്കൽ ഹൗസിൽ റിജു വർഗീസ്, പേരാവൂർ തെറ്റുവഴിയിലെ പുത്തൂറ്റ് ഹൗസിൽ ആൽബിൻ ജോർജ് എന്നിവരാണ് ഇന്നലെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. ഇവർക്ക് ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത്.
ബ്രിട്ടനിൽ വെയർഹൗസ് ഹാൻഡ്‌ലർ ജോലി വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ജൂൺ മാസം മുതൽ ഓഗസ്റ്റ് ഏഴ് വരെയുള്ള കാലയളവിൽ ആറ് ലക്ഷം രൂപ കൈപ്പറ്റി വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പ്രശാന്തിന്റെ പരാതി. ബെൽജിയത്തിലോ (ബ്രിട്ടനിലോ) ജോലി വിസ വാഗ്ദാനം ചെയ്ത് 2021 ഡിസംബർ ആറ് മുതൽ 2022 ഓഗസ്റ്റ് എട്ട് വരെയുള്ള കാലയളവിൽ 5.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ജോയറ്റ് ജോസഫിന്റെ പരാതി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ബ്രിട്ടനിൽ ട്രക്ക് ഡ്രൈവറായി ജോലി വിസ ചെയ്ത് കഴിഞ്ഞ മെയ് 24 മുതൽ സെപ്തംബർ എട്ട് വരെയുള്ള തീയതികളിൽ 6.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഡാനി തോമസിന്റെ പരാതി. 
2021 ഡിസംബർ മുതൽ 2022 ഓഗസ്ത് വരെയുള്ള കാലയളവിൽ 5.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എബി അബ്രഹാമിന്റെ പരാതി. ബ്രിട്ടനിൽ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ബ്രിട്ടനിലോ ബെൽജിയത്തിലോ ജോലി വിസ വാഗ്ദാനം ചെയ്താണ് റിജു വർഗീസിൽ നിന്ന് 5.80 ലക്ഷം രൂപ തട്ടിയെടുത്തത്.  2021 ഡിസംബർ ആറ് മുതൽ കഴിഞ്ഞ ഓഗസ്ത് മാസം വരെയുള്ള കാലയളവിലാണ് പണം ട്രാവൽ ഏജൻസി നടത്തിപ്പുകാർ കൈക്ക ലാക്കിയത്. 
ബെൽജിയത്തിലോ ബ്രിട്ടനിലോ ജോലി വിസ വാഗ്ദാനം ചെയ്താണ് ആൽബിൻ ജോർജിൽ നിന്ന് 5.75 ലക്ഷം രൂപ തട്ടിയെടുത്തത്. 2021 ഒക്ടോബർ 22 മുതൽ കഴിഞ്ഞ ഓഗസ്ത് പത്ത് വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പയ്യന്നൂർ പോലീസും കേസെടുത്തിരുന്നു.
തളിപ്പറമ്പ് കണ്ണപ്പിലാവ് സ്വദേശിയാണ് കിഷോർ കുമാർ. സമീപകാലത്തായി  പുളിമ്പറമ്പിനടുത്ത് കരിക്കപ്പാറയിൽ വീട് പണിത് അവിടെയാണ് താമസം. 2021 സെപ്തംബറിലാണ് സ്ഥാപനം തുടങ്ങിയത്. 
കിഷോർ കുമാറും സഹോദരൻ കിരൺ കുമാറും നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണ്. ഏതാനും മാസങ്ങളായി ട്രാവൽ ഏജൻസി പൂട്ടിയിട്ട നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. അന്ത്യോപചാരമർപ്പിക്കാൻ ഇവർ എത്തുമെന്ന ധാരണയിൽ തട്ടിപ്പിന് ഇരയായവർ അന്ന് ഇവരുടെ വീട്ടുപരിസരത്ത് എത്തി കാത്തു നിന്നിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച പിതാവിന്റെ മൃതദേഹം ഏതോ അജ്ഞാത കേന്ദ്രത്തിൽ വെച്ച് അവസാനമായി കണ്ട് ഇരുവരും സ്ഥലം വിടുകയായിരുന്നു എന്നാണ് വിവരം.
തട്ടിപ്പിനിരയായ ബത്തേരി തൊടുവട്ടി സ്വദേശി മൂത്തേടത്ത് അനൂപ് ടോമി (24) ആണ് ഡിസംബർ അവസാനം ജീവനൊടുക്കിയത്. സിവിൽ എൻജിനീയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ലോഡ്ജിൽ മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ്  കൺസൾട്ടൻസിയുടെ പരസ്യം കണ്ട് വിദേശ ജോലി വിസക്ക് ബന്ധപ്പെടുന്നത്. പലപ്പോഴായി ആറ് ലക്ഷം രൂപ ട്രാവൽ ഏജൻസി തട്ടിയെടുത്തു. പലരോടും വായ്പ വാങ്ങിയാണ് പണം നൽകിയിരുന്നത്. വിസയോ, നൽകിയ പണമോ ലഭിക്കാത്ത സാഹചര്യത്തിലാണ് യുവാവ് ജീവിതം അവസാനിപ്പിച്ചത്.

Latest News