റിയാദ് - അന്നസര്‍ ജഴ്‌സിയണിഞ്ഞ് സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാന്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് കാത്തിരിക്കേണ്ടി വരും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കളിക്കവെ ലഭിച്ച രണ്ടു മത്സരത്തിലെ വിലക്ക് സൗദിയില്‍ ക്രിസ്റ്റിയാനൊ പൂര്‍ത്തിയാക്കേണ്ടി വരും. വ്യാഴാഴ്ച റൊണാള്‍ഡൊ ഇല്ലാതെ അല്‍താഇക്കെതിരെ അന്നസ്ര്‍ ഹോം മത്സരം കളിക്കും. അതിനു ശേഷം റിയാദ് ഡാര്‍ബിയില്‍ അല്‍ശബാബിനെ അവര്‍ നേരിടും. രണ്ടിലും റൊണാള്‍ഡോയെ ടീമിലുള്‍പെടുത്താന്‍ പറ്റില്ല. അല്‍താഈക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് മുപ്പതിനായിരത്തോളം പേര്‍ സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡൊ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. 21 ന് അല്‍ഇത്തിഫാഖിനെയാണ് തുടര്‍ന്ന് അന്നസ്‌റിന് നേരിടേണ്ടത്. മര്‍സൂല്‍ പാര്‍ക്കിലെ ഹോം മത്സരമാണ് അത്. ആ കളിയില്‍ റൊണാള്‍ഡൊ ഇറങ്ങിയേക്കും.
നവംബറില്‍ എവര്‍ടനെതിരായ എവേ മത്സരത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയില്‍ നിന്ന് റൊണാള്‍ഡൊ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചിരുന്നു. അതാണ് സസ്‌പെന്‍ഷന് കാരണം. ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് ശിക്ഷ വിധിച്ചത്. മറ്റൊരു വന്‍കരകയിലാണ് റൊണാള്‍ഡൊ ഇപ്പോള്‍ കളിക്കുന്നതെങ്കിലും വിലക്ക് ബാധകമാണ്. സംഭവത്തില്‍ റൊണാള്‍ഡൊ മാപ്പ് പറയുകയും പിഴ ഒടുക്കുകയും ചെയ്തിരുന്നു.