Sorry, you need to enable JavaScript to visit this website.

സ്ഥലത്തിന്റെ ഉടമയറിയാതെ തെങ്ങുകള്‍ മുറിച്ചു കടത്തി; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം- സ്ഥല ഉടമയറിയാതെ അറുപതോളം തെങ്ങുകള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. സ്ഥലം ഉടമയുടെ അയല്‍വാസി സുധീര്‍ ആണ് പോലീസിന്റെ പിടിയിലായത്. 

രണ്ടേക്കര്‍ ഭൂമിയില്‍ നിന്നും രണ്ടു ദിവസംകൊണ്ടാണ് അറുപതോളം തെങ്ങുകള്‍ മുറിച്ചു കടത്തിയത്. തമിഴ്നാട്ടില്‍ ഇഷ്ടിക കളത്തില്‍ കത്തിക്കാനാണത്രെ തെങ്ങുകള്‍. സ്ഥലത്തിന്റെ  അയല്‍വാസിയായ സുധീര്‍, ഫസല്‍ എന്നിവരാണ് തമിഴ്നാട് നിന്നെത്തിയ സംഘത്തിന് തെങ്ങ് മുറിച്ച് കടത്താന്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തത്. തടിക്കച്ചവടക്കാരനായ ഫസല്‍ ഒളിവിലാണ്. 

രണ്ടാം ദിവസം തെങ്ങ് മുറിക്കുന്നതില്‍ സംശയം തോന്നിയ സമീപ വാസികള്‍ സ്ഥലം ഉടമയെ അറിയിച്ചതോടെയാണ് മോഷണം പുറത്തായത്. തുടര്‍ന്ന് സ്ഥലം ഉടമ ഷമീനയുടെ സഹോദരന്‍ സ്ഥലത്തെത്തി നോക്കിയപ്പോള്‍ പുരയിടത്തിന്റെ പിറകിലുളള മതില്‍ വഴി മുറിച്ച തടികള്‍ ലോറിയില്‍ കയറ്റുന്നതു കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസെത്തുമെന്ന വിവരം മനസ്സിലായതോടെ സംഘം ലോറിയും തടികളും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

സ്ഥലത്തെത്തിയ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തിനടുത്തുളള ഇഷ്ടിക ചൂളയ്ക്കടുത്ത് തടികള്‍ കടത്താന്‍ ശ്രമിച്ച മറ്റൊരു ലോറിയും പോലീസ് പിടികൂടി. സംഭവത്തില്‍ സ്ഥലം ഉടമയ്ക്ക് ആറുലക്ഷം രൂപ നഷ്ടമുണ്ടായതായി പോലീസ് അറിയിച്ചു.

Latest News