ലണ്ടന്‍-അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെ മലയാളിക്ക് ലണ്ടനില്‍ ദാരുണാന്ത്യം. വോക്കിങ്ങില്‍ താമസിച്ചിരുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലത്തുള്ള ശ്രീധരന്‍ ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസവും ജോലിക്കിടയില്‍ തീരെ അവശത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുക ആയിരുന്നു. നെഞ്ചുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ട ശ്രീധരന്‍ പക്ഷാഘാതത്തിന്റെയും തുടര്‍ന്ന് ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ ഏറെക്കുറെ ഉറപ്പിക്കുക ആയിരുന്നു. അതോടെ ഏവരും പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ നഷ്ടമായതോടെ ഇന്നലെ വൈകുന്നേരത്തോടെ വെന്റിലേറ്റര്‍ ഒഴിവാക്കാന്‍ ലണ്ടന്‍ കിംഗ്‌സ് ഹോസ്പിറ്റല്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടു പതിറ്റാണ്ടോളം ആയി യുകെയില്‍ ഉള്ളയാളാണ് ശ്രീധരന്‍. ചെന്നൈ ദോശയില്‍ ഏറെനാളായി ഷെഫ് ആയി ജോലി ചെയ്തിരുന്ന ശ്രീധരന്‍ മറ്റന്നാള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരിക്കവേയാണ് മരണമെത്തിയത്. അടുത്ത മാസം ഇളയ മകളുടെ വിവാഹം നടക്കുന്നതുമായി ബന്ധപെട്ടുള്ള ഒരുക്കങ്ങള്‍ ഉള്ളതിനാലാണ് ഇദ്ദേഹം യാത്ര നിശ്ചയിച്ചിരുന്നത്.
രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാളുടെ വിവാഹം നേരത്തെ നടന്നിരുന്നു. നഴ്‌സിങ് പാസായ മൂത്തമകള്‍ ലണ്ടനില്‍ ജോലി തേടി വരാനിരിക്കെയാണ് അച്ഛന്റെ മരണം. വിവാഹം ആഘോഷ പൂര്‍വം നടത്താന്‍ നാട്ടിലേക്കു പോകും മുന്‍പ് വേഗത്തില്‍ ജോലികള്‍ തീര്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശ്രീധരന്‍.
ബ്രിട്ടീഷ് പാസ്പോര്‍ട്ട് സ്വന്തമായുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ തൊഴില്‍ ഉടമകളായ ചെന്നൈ ദോശ മാനേജ്‌മെന്റിന്റെ സഹായം ഉണ്ടാകുമെന്നാണ് വിവരം. മൂത്ത മകളുടെ ഭര്‍ത്താവ് ഗള്‍ഫില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.