- കലോത്സവ നടത്തിപ്പിൽ പരാതിയില്ലാത്തതിനാലാണ് വെജിറ്റേറിയൻ വിവാദമെന്നും വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട് - സ്‌കൂൾ കലോത്സവത്തിന് നോൺ വെജില്ലാത്തതും പഴയിടം നമ്പൂതിരി സ്ഥിരം പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സമൂഹമാധ്യമങ്ങളിലെ വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നടത്തിപ്പിൽ പരാതിയില്ലാത്തതിനാലാണ് ചിലർ നോൺ വെജ് വിവാദമുണ്ടാക്കുന്നത്. 60 വർഷത്തെ കലോത്സവ ചരിത്രത്തിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
കലോത്സവത്തിന് മാംസാഹാരം നല്കാൻ സർക്കാർ തയ്യാറാണ്. ഇത്തവണ കലോത്സവം കൊടിയിറങ്ങാൻ ഇനി ആകെയുള്ളത് രണ്ട് നാളുകൾ മാത്രമാണ്. മാംസാഹാരം നൽകുന്ന കാര്യം സർക്കാർ പരിശോധിക്കും. അടുത്ത വർഷം മുതൽ ഉറപ്പായും നോൺ വെജ് ഭക്ഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.