Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞടുപ്പ്: വയനാട്  മണ്ഡലത്തിൽ നിലമൊരുക്കി പി.സി. തോമസ് 

കൽപറ്റ-വരുന്ന ലോക്‌സഭല തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ എൻ.ഡി.എ ടിക്കറ്റിൽ ജനവിധി തേടുമെന്ന വ്യക്തമായ സൂചന നൽകി കേരള കോൺഗ്രസ് ചെയർമാനും മുൻ കേന്ദ്ര നിയമ സഹമന്ത്രിയുമായ പി.സി. തോമസ്. പാർലമെന്റ് മണ്ഡലത്തിലെ കാർഷിക, സാമൂഹിക, വികസന പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുവരികയാണ് അദ്ദേഹം. ലോക്‌സഭല തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൻ.ഡി.എ ദേശീയ നേതൃത്വത്തിന്റെ അറിവോടെ തോമസ് വയനാട് മണ്ഡലത്തിൽ നിലമൊരുക്കുന്നത് ഇടത്, വലത് മുന്നികളും ഗൗരവത്തോടെയാണ് കാണുന്നത്. വന്യജീവി ശല്യത്തിനു പരിഹാരം തേടി പ്രക്ഷോഭ രംഗത്തുള്ള വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുമായി നിസ്സഹകരിക്കാനുള്ള സി.പി.എം തീരുമാനം തോമസിന്റെ  രാഷ്ട്രീയ മുന്നേറ്റത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണെന്നു വ്യാഖ്യാനിക്കുന്നവർ നിരവധിയാണ്. 
വന്യജീവി ശല്യം, നഞ്ചൻകോടഡ്-നിലമ്പൂർ റെയിൽവേ, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ്, കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്‌നം എന്നിവയിൽ നിരന്തര ഇടപെടലാണ് തോമസ് നടത്തുന്നത്. ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാരിന്റെ റാപിഡ് ട്രാൻസ്ഫർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമവുമായി ബന്ധപ്പെട്ട് കൽപറ്റയിൽ ഏകദിന ഉപവാസം നടത്തിയും അദ്ദേഹം മാധ്യമ ശ്രദ്ധ നേടി. വയനാട്ടിൽ അനേകം കോടി രൂപയുടെ വികസനം സാധ്യമാക്കുന്ന കേന്ദ്ര പദ്ധതി നഷ്ടപ്പെടുത്തുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപവാസം. ചലച്ചിത്രതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര പദ്ധതിയുടെ പേരിൽ തോമസും കേരള കോൺഗ്രസ് ഉൾപ്പെടുന്ന എൻ.ഡി.എയും ഗോൾ അടിച്ചപ്പോൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കളത്തിലിറങ്ങാതെ കാഴ്ചക്കാരായി നിൽക്കുന്നതാണ് കണ്ടത്. 
ഭൂമിക്കേസിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു സൗജന്യ നിയമസഹായം ലഭ്യമാക്കിയാണ് തോമസ് വയനാട്ടിൽ നിരന്തര ഇടപെടലിനു തുടക്കംകുറിച്ചത്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വ്യവഹാരം നടത്തിയും അദ്ദേഹം ജില്ലയിൽ കർഷകശ്രദ്ധ ആകർഷിച്ചു. 
സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയതാണ് ബത്തേരി താലൂക്കിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതി വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബത്തേരിയിൽ വൈൽഡ് ലൈഫ് വാർഡന്റ് കാര്യാലയത്തിനു മുന്നിൽ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം. ഇതിൽ പങ്കെടുത്ത തോമസ് നഞ്ചൻകോട്-നിലമ്പൂർ റെയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽനിന്നു കൽപറ്റയിലേക്ക് നടത്തിയ ലോംഗ് മാർച്ചിലും അണി ചേർന്നു. ബത്തേരിയിൽനിന്നു എടപ്പെട്ടി വരെ ഏകദേശം 21 കിലോമീറ്ററാണ് പ്രായം വകവയ്ക്കാതെ തോമസ് നടന്നത്. ലോംഗ് മാർച്ചിനിടെ എടപ്പെട്ടിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു ആവശ്യമായ വനഭൂമി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭവുമായും തോമസ് കൈകോർത്തു. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്കിടയിൽ സുപരിചിതമാകുകയാണ് തോമസിന്റെ മുഖം. 
വയനാട്ടിലെ ബത്തേരി, മാനന്തവാടി, കൽപറ്റ, ചുരത്തിനു താഴെയുള്ള നിലമ്പൂർ, വണ്ടൂർ, ഏറനാട്, തിരുവമ്പാടി നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. ഇതിൽ  വയനാടിനു പുറത്തുള്ള നിയമസഭാ മണ്ഡലങ്ങളിലും ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സജീവമാകാനാണ് തോമസിന്റെ പദ്ധതിയെന്നാണ് കേരള കോൺഗ്രസ് നേതാക്കളിൽ ചിലർ നൽകുന്ന സൂചന. കഴിഞ്ഞ ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ ബത്തേരി, മാനന്തവാടി, കൽപറ്റ നിയമസഭാ മണ്ഡലങ്ങൾ യു.ഡി.എഫിനെ കൈവിടുകയുണ്ടായി. നിലമ്പൂർ, വണ്ടൂർ, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് കോൺഗ്രസിലെ എം.ഐ. ഷാനവാസ് രണ്ടാം വട്ടം പാർലമെന്റിലെത്തിയത്. 2009 ലെ തെരഞ്ഞെടുപ്പിൽ 1,53,439 വോട്ടായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. 2014 ൽ ഇത് 20,870 വോട്ടായി കുറഞ്ഞു. ഇതിനെ വലിയ സാധ്യതയിലേക്കുള്ള ചൂണ്ടുപകലയായാണ് തോമസും കൂട്ടരും കാണുന്നത്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സി.പി.ഐയിലെ സത്യൻ മൊകേരിയായിരുന്നു ഷാനവാസിന്റെ മുഖ്യ എതിരാളി. 


 

Latest News