റിയാദ് - സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോണിനു കീഴിലെ വ്യവസായ നഗരികളിൽ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകുന്ന ലേബർ ക്യാമ്പുകളുടെ എണ്ണം 21 ആയും കെട്ടിടങ്ങളുടെ എണ്ണം 589 ആയും ഉയർന്നതായി അതോറിറ്റി സി.ഇ.ഒ മാജിദ് അൽഅർഖൂബി പറഞ്ഞു.
ഇവിടങ്ങളിൽ 72,000 ലേറെ തൊഴിലാളികൾക്ക് താമസ സൗകര്യം ലഭിക്കുന്നു. ലേബർ ക്യാമ്പുകളിലും കെട്ടിടങ്ങളിലും ഭൂരിഭാഗവും സ്വകാര്യ മേഖലയുടെ നിക്ഷേപ സേവന പദ്ധതികളാണ്.
ബാച്ചിലേഴ്‌സ് കൂട്ടത്തോടെ താമസിക്കുന്ന ലേബർ ക്യാമ്പുകൾ വികസിപ്പിക്കാനുള്ള ദേശീയ പ്രോഗ്രാം പദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്ന പ്രധാന വകുപ്പുകളിൽ ഒന്നാണ് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺ. അംഗീകൃത ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പൂർണമായ, ഉയർന്ന ഗുണനിലവാരമുള്ള പാർപ്പിട സാഹചര്യം ഒരുക്കാൻ അതോറിറ്റി പ്രവർത്തി
ക്കുന്നു.
വ്യവസായ നഗരികളിൽ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനും ഐഡിയൽ ഹോം അവാർഡ് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺ ആരംഭിച്ചിട്ടുണ്ട്.
വ്യവസായ നഗരങ്ങളിൽ തൊഴിലാളികൾക്ക് മികച്ച പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്ന മേഖലയിൽ നിക്ഷേപാവസരങ്ങൾ മുന്നോട്ടു വെക്കാനും ഇൻഡസ്ട്രിയൽ സിറ്റികളിൽ പാർപ്പിടങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു അവാർഡിന് തുടക്കം കുറിച്ചത്. അവാർഡ് മൂന്നു വർഷം തുടരും. ഓരോ വർഷവും അവസാന പാദത്തിൽ അവാർഡ് ജേതാക്കളെ പരസ്യപ്പെടുത്തും.
സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോണിനു കീഴിലെ വ്യവസായ നഗരികളിലെ ലേബർ ക്യാമ്പുകളിൽ ബാച്ചിലേഴ്‌സ് ഗ്രൂപ്പ് ഹൗസിംഗ് ദേശീയ പ്രോഗ്രാം മാനദണ്ഡങ്ങൾ എത്രമാത്രം പാലിക്കുന്നുണ്ട് എന്ന് വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഇൻഡസ്ട്രിയൽ സിറ്റികളിൽ പാർപ്പിട മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് 'ശരീക്' പ്രോഗ്രാം വഴി പുരസ്‌കാരത്തിന് മത്സരിക്കാവുന്നതാണെന്നും മാജിദ് അൽഅർഖൂബി പറഞ്ഞു.