Sorry, you need to enable JavaScript to visit this website.

ഉദുമയിൽ കെ.എസ്.ടി.പി റോഡ് നിർമാണം പാതിവഴിയിൽ; വികസന സമിതി പ്രക്ഷോഭത്തിലേക്ക്

ഉദുമ റെയിൽവേ ഗേറ്റിന് സമീപം സർക്കിൾ ഇല്ലാത്തതിനാൽ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങൾ

കാസർകോട് - ഉദുമയിൽ കെ.എസ്.ടി.പി റോഡ് നിർമാണം പാതിവഴിയിലായിട്ട് ഒരു വർഷമായി. അപകടം നിത്യസംഭവമായ ഉദുമ ടൗണിൽ ഡിവൈഡർ, റെയിൽവേ ഗേറ്റിന് സമീപം സർക്കിൾ എന്നിവയുടെ നിർമാണം ഇതു വരെ തുടങ്ങിയില്ല. ബസ്വെ, ഓവുചാൽ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്.
കാസർകോട് - കാഞ്ഞങ്ങാട് കെ.എസ് ടി.പി റോഡിൽ മിക്ക ടൗണുകളിലും നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഉദുമ ടൗണിനെ കെ.എസ്.ടി.പി അധികൃതർ പാടെ അവഗണിക്കുകയായിരുന്നു. ഇതിനെതിരെ ഉദുമക്കാർ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഉദുമ വികസന സമിതി രൂപീകരിച്ച് വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെ. കുഞ്ഞിരാമൻ എം.എൽ എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി രക്ഷാധികാരികളും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്  എ.വി. ഹരിഹര സുധൻ ചെയർമാനും ഉദുമക്കാർ കൂട്ടായ്മ കൺവീനർ ഫറൂഖ് കാസ്മി കൺവീനറുമായ വികസന സമിതി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ജില്ലാ കലക്ടർ കെ. ജീവൻ ബാബു എന്നിവർക്ക് നിവേദനം നൽകിയിരുന്നു. 
രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് ഉദുമ ടൗണിൽ പ്രതീകാത്മ ഡിവൈഡർ സ്ഥാപിച്ച് സമരം നടത്തുകയും ജനകീയ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. സമരത്തിന്റെ ഫലമായി റോഡിന് വീതി കൂട്ടുകയും സോളാർ ലൈറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.  സിണ്ടിക്കേറ്റ് ബാങ്ക് പരിസരം മുതൽ പുതിയ നിരം ജംഗ്ഷൻ വരെ റോഡിൽ ഡിവൈഡർ സ്ഥാപിക്കാമെന്നും അപകടം നിത്യസംഭവമായ ഉദുമ റെയിൽവേ ഗേറ്റ് പരിസരത്ത് സർക്കിൾ നിർമ്മിക്കാമെന്നും കെ.എസ് ടി.പി. അധികൃതർ വികസന സമിതിക്ക് ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതു വരെയും ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. 
റെയിൽവേ ഗേറ്റ് അടച്ചാൽ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ അനുഭവപ്പെടുന്നത്. വണ്ടി പോയി ഗേറ്റ് തുറന്നാൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പോകുന്നതിനാൽ ഇവിടെ അപകടം നിത്യ സംഭവമാണ്. ഇവിടെ തന്നെയാണ് മത്സ്യ മാർക്കറ്റും ബസ് സ്റ്റോപ്പുമുള്ളത്. പല ദിവസങ്ങളിലും വാഹന തിരക്ക് കാരണം കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസപ്പെടുന്നു. കാസർകോട് ഭാഗത്തേക്കുള്ള ബസ്വെ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തേക്ക് മാറ്റിയെങ്കിലും ഇവിടെ ബസ് നിർത്താനുള്ള നടപടി ഇനിയും സ്വീകരിച്ചില്ല. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നവർക്ക് സഹകരണ ബാങ്കിന് മുൻവശത്താണ് ബസ്വെ നിർമിക്കുന്നത്. ഇതിന്റെ പണി പാതിവഴിയിലാണ്. ഈ സ്ഥലം ഇപ്പോൾ കാടുമൂടി കിടക്കുകയാണ്. പടിഞ്ഞാർ റോഡ് ജംഗ്ഷൻ മുതൽ ഖുബ പള്ളി പരിസരം വരെ നിർമ്മിച്ച ഓവുചാൽ പല സ്ഥലങ്ങളിലും മൂടാതെ കിടക്കുന്നതിനാൽ രാത്രി കാലങ്ങളിൽ നടന്നു പോകുന്നവർക്ക് വീണ് പരിക്കേൽക്കുന്നു. ഓവുചാൽ അശാസ്ത്രീയമായി നിർമിച്ചതിനാൽ ഇതിലൂടെ വെള്ളം ഒഴുകി പോകുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ടൗണിലെ മിക്ക കടകളിലേക്കും വെള്ളം കയറിയിരുന്നു.  പുതിയ നിരം ജംഗ്ഷൻ മുതൽ പള്ളം വരെ ഓവുചാൽ നിർമ്മിക്കണമെന്ന ആവശ്യവും അധികൃതർ കേട്ടില്ല. ഉദുമ ബസ് സ്റ്റോപ്പിന് സമീപം അശാസ്ത്രീയമായി നിർമിച്ച കൾവർട്ട് പൊളിച്ചു നീക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. രാത്രി കാലത്ത് അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ കൾവർട്ടിൽ തട്ടി അപകടത്തിൽ പെടുന്നു.  ഉദുമ ടൗണിലെ റോഡിൽ റിഫ്ലക്ടർ സ്ഥാപിക്കുമെന്ന വാഗ്ദാനവും കെ.എസ്.ടി.പി. അധികൃതർ കാണിച്ചില്ല. കാലവർഷം തുടങ്ങുന്നതിന് മുമ്പ് പണി പൂർത്തിയാക്കിയില്ലെങ്കിൽ വമ്പിച്ച സമരം നടത്താനാണ് ഉദുമ വികസന സമിതിയുടെ തീരുമാനം. 
സമരത്തിനു മുന്നോടിയായി ഉദുമ വികസന സമിതി കൺവീനർ ഫറൂഖ് കാസ്മി, ഉദുമക്കാർ കൂട്ടായ്മ ചെയർമാൻ അബ്ദുല്ലക്കുഞ്ഞി ഉദുമ,  വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡന്റ് എ.വി. ഹരിഹര സുധൻ, ജനറൽ സെക്രട്ടറി യൂസഫ് റൊമാൻസ്, ട്രഷറർ പി.കെ.ജയൻ എന്നിവർ കെ.കുഞ്ഞിരാമൻ എം.എൽ.എയെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. കെ.എസ് ടി.പി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.

 

Latest News