പാരീസ്- ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന നായകൻ ലയണൽ മെസ്സി പാരീസിലെത്തി. ഇന്നലെയാണ് അർജന്റീനയിലെ സ്വന്തം പട്ടണമായ റൊസാരിയോയിൽനിന്ന് മെസി സ്വകാര്യ ജെറ്റിൽ പാരീസിൽ എത്തിയത്. പ്രാദേശിക സമയം രാത്രി പത്തിന് മെസ്സി, ഭാര്യ അന്റോണല റൊക്കൂസോ, മക്കളായ മറ്റിയോ, തിയാഗോ, സിറോ എന്നിവർക്കൊപ്പമാണ് പാരീസിൽ എത്തിയത്. പാരീസിൽ എത്തിയ മെസിയെ പി.എസ്.ജി ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ക്രിസ്മസും പുതുവത്സരവും കുടുംബവീട്ടിൽ ചെലവഴിച്ച മെസ്സി ജനുവരി രണ്ടിനോ മൂന്നിനോ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി പി.എസ്.ജി പരിശീലകൻ ക്രിസ്‌റ്റോഫ് ഗാൽറ്റിയർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ലോകകപ്പിന് ശേഷമുള്ള പി.എസ്.ജിയുടെ രണ്ടു മത്സരങ്ങളിൽ മെസി കളിച്ചിരുന്നില്ല. വെള്ളിയാഴ്ച നടക്കുന്ന പി.എസ്.ജിയുടെ ഫ്രഞ്ച് കപ്പ് മത്സരത്തിൽ മെസി കളിക്കും. ഫ്രഞ്ച് സഹതാരം കിലിയൻ എംബപ്പെയുമായി ചേർന്ന് കളത്തിലിറങ്ങും. നിരവധി ആരാധകരാണ് റൊസാരിയോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെസ്സിയെ യാത്രയാക്കിയത്. വൻ സുരക്ഷാ സന്നാഹമാണ് വിമാനതാവളത്തിൽ ഒരുക്കിയിരുന്നത്.