പാലക്കാട് - മലയാള മനോരമയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന പ്രമുഖ നാടകപ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്‌കാരികരംഗങ്ങളിലെ സജീവസാന്നിധ്യവുമായ സുഗുണന്‍ അഴീക്കോട് (74) നിര്യാതനായി. മനോരമ പാലക്കാട് യൂണിറ്റില്‍ ടെലിപ്രിന്റര്‍ വിഭാഗം കൈകാര്യം ചെയ്ത് തുടങ്ങിയ പത്രപ്രവര്‍ത്തനകാലഘട്ടം, സര്‍ഗാത്മക മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച സുഗുണന്‍ പാലക്കാട് സപര്യ സാഹിത്യ വേദിയുടേയും ട്രാപ് നാടകസമിതിയുടേയും തുടക്കം തൊട്ടേ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. മികച്ച നടനും കൂടിയായിരുന്നു. മലയാളം ന്യൂസ് സണ്‍ഡേ പ്ലസില്‍ നിരവധി ഫീച്ചറുകള്‍ എഴുതിയിട്ടുണ്ട്. അഗതികളെ സംരക്ഷിക്കുന്ന പാലക്കാട്ടെ റസിയാബാനുവിന്റെ സേവനത്തെക്കുറിച്ചുള്ള ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.പി കുഞ്ഞിരാമന്‍ ഗുരുക്കളുടേയും വലിയ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കണ്ണൂര്‍ അഴീക്കോട്ട് ജനിച്ച സുഗുണന്‍, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, അഖിലകേരള ബാലജനസഖ്യത്തിലൂടേയാണ് സാമൂഹിക രംഗത്തെത്തുന്നത്. ഇക്കാലത്ത് കണ്ണൂരിലെ സുദര്‍ശനം, ദേശമിത്രം പത്രത്തില്‍ കഥകളും ലേഖനങ്ങലുമെഴുതിത്തുടങ്ങി. സുകുമാര്‍ അഴീക്കോടായിരുന്നു ഈ രംഗത്തെ വഴികാട്ടി.
ഇതിനിടെ ആറുവര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു. അതില്‍ നിന്ന് വിരമിച്ച് കണ്ണൂരിലെ മനോരമ ബ്യൂറോ ചീഫ് പി. ഗോപിയുടെ ഉപദേശം സ്വീകരിച്ച് പാലക്കാട് മനോരമയില്‍ ജോലി നേടിയ സുഗുണന്‍ ഇടയ്ക്ക് തൃശൂര്‍ മനോരമയിലും ജോലി ചെയ്തു. ഏറ്റവുമധികകാലം സേവനമനുഷ്ഠിച്ചത് പാലക്കാട് മനോരമ ബ്യൂറോയില്‍ പ്രമുഖരായ ജോയ് ശാസ്താംപടിക്കല്‍, പുത്തൂര്‍ മുഹമ്മദ് എന്നിവരുടെ കീഴിലും പിന്നീട് പാലക്കാട് മനോരമ യൂണിറ്റിലുമായിരുന്നു. 2005 ല്‍ മനോരമയില്‍ നിന്നു വിരമിച്ച് പാലക്കാട് മൈത്രി നഗറിലായിരുന്നു താമസം. ഭാര്യ പാലക്കാട് സ്വദേശിയും റിട്ട. സ്‌കൂള്‍ ഹെഡ് ടീച്ചറുമായ ടി. കല്യാണിക്കുട്ടി. മക്കള്‍: സുജിത്, സുനീത്. മരുമക്കള്‍: ശ്രീലക്ഷ്മി, രജനി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)