കോഴിക്കോട് - കലോത്സവത്തിൽ മത്സരാർത്ഥികളുടെ സുരക്ഷയ്ക്കും താൽപര്യത്തിനുമാണ് പ്രാധാന്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ദിനമായ ഇന്നലെ കോൽക്കളി വേദിയിൽ ഉണ്ടായ അപകടം ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സ്റ്റേജിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചതുപോലെ കാർപ്പെറ്റ് ഇടേണ്ട ആവശ്യമില്ലായിരുന്നു. കുറെ കുട്ടികൾ ചവിട്ടിയപ്പോൾ കാർപെറ്റിന് സംഭവിച്ച തകരാറാണ് അപകടത്തിന് ഇടയാക്കിയത്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മത്സരത്തിനിടെ ഇന്നലെയാണ് കാർപെറ്റിൽ തട്ടിവീണ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞത്. മത്സരം ആരംഭിച്ചപ്പോൾ തന്നെ ചെറിയ പ്രശ്‌നങ്ങൾ രക്ഷിതാക്കളും വിദ്യാർത്ഥികളും അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകി, കാർപ്പറ്റുകൾ ഒഴിവാക്കിയ ശേഷമാണ് കോൽക്കളി മത്സരം പുനരാരംഭിച്ചത്.