റിയാദ് - യൂറോപ്പിലെയും ബ്രസീലിലെയും ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും ജന്മനാടായ പോര്‍ചുഗലിലെയും നിരവധി ക്ലബ്ബുകള്‍ തന്നെ കിട്ടാന്‍ ശ്രമിച്ചിരുന്നുവെന്നും അന്നസ്‌റിന് കൊടുത്ത വാക്ക് പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റൊണാള്‍ഡൊ. ഈ രാജ്യത്തെയും ഇവിടത്തെ ഫുട്‌ബോളിനെയും കുറിച്ച വിഭിന്നമായ ഒരു ചിത്രം ലോകത്തിന് സമ്മാനിക്കാനാണ് ഞാന്‍ വന്നത്. ഈ തീരുമാനമെടുത്തതില്‍ അഭിമാനമുണ്ട്. യൂറോപ്പില്‍ ഇനി ഒന്നും ചെയ്യാനില്ല. സാധ്യമായതെല്ലാം നേടി. സുപ്രധാന ക്ലബ്ബുകള്‍ക്കെല്ലാം കളിച്ചു. ഇത് പുതിയ വെല്ലുവിളിയാണ് -റൊണാള്‍ഡൊ പറഞ്ഞു.
ഞാന്‍ വേറിട്ട കളിക്കാരനാണ്. യൂറോപ്പില്‍ എല്ലാ റെക്കോര്‍ഡുകളും ഞാന്‍ തകര്‍ത്തു. ഇവിടെയും റെക്കോര്‍ഡുകള്‍ കാത്തിരിക്കുന്നു -മുപ്പത്തേഴുകാരന്‍ പറഞ്ഞു.
സൗദിയിലേക്കുള്ള വരവ് ഏറ്റവും സന്തോഷത്തോടെയാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളിന് വേണ്ടി മാത്രമല്ല, സൗദിയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വലിയ പുരോഗതി ഇനിയും നേടാനാകുമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. തന്റെ വരവ് ഫുട്‌ബോളിന് വേണ്ടി മാത്രമല്ലെന്നുംക്രിസ്റ്റ്യാനോ വ്യക്തമാക്കി. അല്‍ നസ്ര്!ക്ലബ്ബിലേക്കുള്ള വരവിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ
കുടുംബം വലിയ സന്തോഷത്തിലാണ്. പ്രത്യേകിച്ചും മക്കള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇന്നലെ റിയാദില്‍ ലഭിച്ച സ്വീകരണം വളരെ മഹത്തായതായിരുന്നു. സൗദിയിലേക്കുള്ള ക്ഷണം തനിക്കുള്ള ബഹുമാനമാണ്. സൗദി ഫുട്‌ബോള്‍ ടീം ലോകകപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സൗദി തോല്‍പ്പിച്ചത് ലോക ചാംപ്യന്‍മാരായ ടീമിനെയാണ്. എല്ലാ ടീമുകളും ഏറെ മുന്നൊരുക്കത്തോടെയാണ് ഇത്തവണ ലോകകപ്പിനെ സമീപിച്ചത്. ഞാനൊരു മികച്ച കളിക്കാരനായതുകൊണ്ടാണ് തന്റെ വരവില്‍ എല്ലാവരും അഭിപ്രായം പറയുന്നത്. സൗദിയിലേക്ക് വന്നത് കളിക്കാനും വിജയിക്കാനുമാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.