Sorry, you need to enable JavaScript to visit this website.

കണ്ണുവെട്ടിച്ച് യുഎസിലെത്താന്‍ ഇന്ത്യക്കാരന്‍ താണ്ടിയത് 11 രാജ്യങ്ങള്‍; ഒടുവില്‍ പിടിയില്‍

ന്യൂദല്‍ഹി- അനധികൃതമായി യുഎസിലെത്താന്‍ പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി താണ്ടിയത് 11 മധ്യഅമേരിക്കന്‍ രാജ്യങ്ങള്‍. ഒരു മാസം സമയമെടുത്താണ് ഹര്‍പ്രീത് സിങ് ബ്രസീലില്‍ നിന്ന് തുടങ്ങിയ യാത്ര പതിനായിരത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ട് മെക്‌സിക്കോയിലെത്തിയത്. ഇവിടെ നിന്നും യുഎസി അതിര്‍ത്തി കടന്ന് അനധികൃതമായി താമസിച്ചു വരുന്നതിനിടെ 2016-ലാണ് ഹര്‍പ്രീത് അമേരിക്കന്‍ കുടിയേറ്റ വകുപ്പിന്റെ പിടിയിലായത്. യുഎസില്‍ തടവിലായിരുന്നു ഹര്‍പ്രീതിനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച പുലര്‍ച്ചെ ദല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഹര്‍പ്രീതിനെ ഇമിഗ്രേഷന്‍ വിഭാഗം കസറ്റഡിയിലെടുത്തു. 

2016 ഓഗസ്റ്റ് 20-നാണ് കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ദല്‍ഹിയില്‍ നിന്ന് ഹര്‍പ്രീത് ബ്രസീലിലേക്കു വിമാനം കയറിയത്. ബ്രസീലില്‍ ഇറങ്ങിയ ശേഷം ബൊളീവിയയിലേക്ക് കടന്ന് അവിടെ നിന്നും റോഡ് മാര്‍ഗം പെറു വഴിയാണ് യുഎസ് ലക്ഷ്യമാക്കി യാത്ര ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഹര്‍പ്രീത് പറഞ്ഞു. ബൊളീവിയയിലെത്തിയ ശേഷം പഞ്ചാബിലെ ട്രാവല്‍ ഏജന്റുമായി ബന്ധമുള്ള ഒരാളെ ബന്ധപ്പെട്ടാണ് തുടര്‍ യാത്രക്കുള്ള സഹായങ്ങള്‍ തേടിയത്. പെറുവില്‍ നിന്നും കോസ്റ്റ റിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല വഴി മെക്‌സിക്കോയിലെത്തി. മെക്‌സിക്കോയില്‍ നിന്ന് ബോട്ട് മാര്‍ഗമാണ് നിയമവിരുദ്ധമായി യുഎസിലേക്ക് പ്രവേശിച്ചത്.

ഒരു മാസത്തിലേറെ നീണ്ട യാത്രക്കിടെ ഹര്‍പ്രീതിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പലയിടത്തു നിന്നായി കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയിലെ ഏജന്റിനെ ബന്ധപ്പെട്ട് വ്യാജ പാസ്‌പോര്‍ട്ട് ഒപ്പിച്ചാണ് യാത്ര തുടര്‍ന്നതെന്ന് ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

യുഎസിലെത്തിയ ശേഷം ഒരു വര്‍ഷത്തോളം ലൂസിയാനയിലെ ഒരു സ്‌റ്റോറില്‍ ജോലി ചെയ്തു. ഇവിടെ നിന്നാണ് പിടിക്കപ്പെട്ടത്. യുഎസ് പൗരത്വം ലഭിക്കാനാണ് അനധികൃതമായി യുഎസിലെത്തിയതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. പാസ്‌പോര്‍ട്ട് കൃത്രിമം കാട്ടിയതിനും വഞ്ചനയ്ക്കും ഔദ്യോഗിക രേഖകള്‍ തിരിമറി നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം ദല്‍ഹി പോലീസ് ഹര്‍പ്രീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 

Latest News