പ്രിട്ടോറിയ(ദക്ഷിണാഫ്രിക്ക)- തിരൂര്‍ മുറിവഴിക്കല്‍ സ്വദേശിയുടെ മികവിൽ 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് വൻ ജയം. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെയാണ് ഇന്ത്യൻ പെൺകുട്ടികൾ തോൽപ്പിച്ചത്. തിരൂര്‍ മുറിവഴിക്കൽ സ്വദേശി നജ്‌ല ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റ് വീഴ്ത്തി. മൂന്നോവർ എറിഞ്ഞ നജ്‌ല നാലു റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് കൊയ്തത്. സിമിയോൺ ലോറൻസ്, അയാണ്ട ഹ്ലൂബി, ജെമ്മ ബോത്ത എന്നിവരുടെ വിക്കറ്റുകളാണ് നജ്‌ല വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ ടീമിനെ ഒൻപത് വിക്കറ്റിന് 86 റൺസിൽ ഇന്ത്യ ഒതുക്കി. ഇന്ത്യൻ നിരയിൽ കൂടുതൽ വിക്കറ്റ് കൊയ്തതും നജ്‌ലയാണ്. ഫലക്‌നാസ് രണ്ടും യഷാസ്രി, മനത് കശ്യപ് എന്നിവർ ഓരോ വിക്കറ്റും നേടി.
ദക്ഷിണാഫ്രിക്കയുടെ 86 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ പതിനഞ്ച് ഓവറിൽ വിജയിച്ചു. ഇന്ത്യൻ നായിക ഷെഫാലി വർമ 29 ഉം റിച്ച ഘോഷ് 15 ഉം സൗമ്യ തിവാരി 14 ഉം റൺസ് നേടി. സൗമ്യ തിവാരി-ഷെഫാലി വർമ കൂട്ടുകെട്ട് 49 പന്തിൽ 51 റൺസ് നേടിയതാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്.
മലപ്പുറം ജില്ലയിലെ തിരൂര്‍ മുറിവഴിക്കൽ സി.എം.സി നൗഷാദിന്റെയും കെ.വി മുംതാസിന്റെ ഇളയമകളാണ് നജ്്‌ല. സഹോദരൻ സൈദ് മുഹമ്മദ്. കഴിഞ്ഞ അഞ്ചുവർഷമായി കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നേടുകയാണ് നജ്്‌ല. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ്.