ന്യൂദല്‍ഹി- ഭാരത് ജോഡോ യാത്രയ്ക്കും രാഹുല്‍ ഗാന്ധിക്കും ആശംസകള്‍ നേര്‍ന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുല്‍ ഗാന്ധഇക്ക് ഉണ്ടായിരിക്കട്ടെയെന്നാണ് അദ്ദേഹം ആശംസിച്ചത്.
മൂവായിരം കിലോമീറ്റര്‍ പിന്നിട്ട രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കത്തിലൂടെയാണ് മുഖ്യപുരോഹിതന്റെ ആശംസ.
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച സത്യേന്ദ്ര ദാസ് രാഹുല്‍ ഗാന്ധിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹത്തിന്റെ ദൗത്യവും പോരാട്ടവും വിജയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ജനങ്ങളുടെ താത്പര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാമക്ഷേത്ര മുഖ്യപുരോഹിതന്‍ വിജയത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും കത്തില്‍ വിശദമാക്കി.
സത്യേന്ദ്ര ദാസ് ആരോഗ്യപരമായ കാരണങ്ങളാലാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്ന് അറിയിച്ചതായി കോണ്‍ഗ്രസ് അയോധ്യാ വക്താവ് സുനില്‍ ഗൗതം പറഞ്ഞു. പങ്കെടുക്കാനായില്ലെങ്കിലും അദ്ദേഹം കത്തിലൂടെ യാത്രയ്ക്ക് ധാര്‍മിക പിന്തുണ നല്‍കിയെന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ശരിയായതും സമയോചിതവുമായതാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞതായും സുനില്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.