കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. മൃഗങ്ങള്‍ കടിച്ച പഴം സഞ്ചാരികളുടെ പക്കല്‍ എത്താതിരിക്കാനാണ് നടപടി.കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചിരുന്നു. വവ്വാലില്‍നിന്നു പകരുന്ന 'നിപ്പാ വൈറസ്' പിടിപെട്ടാണു മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു മരണകാരണം. മണിപ്പാലിലെ കെഎംസി വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്കയച്ച രക്തസാമ്പിളുകളുടെ അന്തിമപരിശോധനാ ഫലം അറിഞ്ഞാലേ രോഗത്തപ്പറ്റി സ്ഥിരീകരണം നടത്താനാകൂവെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. പേരാമ്പ്രയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ചുണ്ടായ മരണത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്ത് പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ആശുപത്രികളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.