റിയാദ്- അന്നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ച് റിയാദിലെത്തിയ പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റോണാള്‍ഡോയുടെയും കുടുംബത്തിന്റെയും റിയാദിലെ വസതി എവിടെയാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്.
അല്‍മുഹമ്മദിയ സ്ട്രീറ്റില്‍ തയ്യാറാക്കിയ കൊട്ടാരമാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വസതിയെന്ന് പാശ്ചാത്യപത്രപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ചിലര്‍ പറയുന്നു. എട്ട് ബെഡ്‌റൂമുകളും ഒരു വെള്ളച്ചാട്ടവും വിശാലമായ പച്ചപ്പുള്ള പ്രദേശവും ഒളിംബിക് നീന്തല്‍കുളവും മൂന്ന് അനുബന്ധ വില്ലകളുമുള്ളതാണ് ഈ കൊട്ടാരം.
ബ്രിട്ടീഷ് ഡെയ്‌ലി മെയില്‍ പറയുന്നത് റിയാദിലെ ആഡംബര വില്ലകളിലാണ് അദ്ദേഹത്തിനും കുടുംബത്തിനും വസതിയൊരുങ്ങുന്നതെന്നാണ്. ഒന്നുകില്‍ മുഹമ്മദിയ സ്ട്രീറ്റില്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് പേരുകേട്ട അല്‍നഖീല്‍ സ്ട്രീറ്റില്‍ എന്നാണ് പത്രം പറയുന്നത്. 2025 ഉഷ്ണ കാലം വരെയാണ് അന്നസ്‌റുമായി റോണാള്‍ഡോ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റോണാള്‍ഡോയുടെയും ഭാര്യ ജോര്‍ജിന റോഡ്രിഗസിന്റെയും പേരിലുള്ള ഫോട്ടോഷോപ് ഇഖാമയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. അതിനിടെ ജോര്‍ജിന അന്നസര്‍ ക്ലബ്ലിന്റെ ഷര്‍ട്ടണിഞ്ഞുള്ള ചിത്രവുമെത്തി. അവരുടെ മക്കള്‍ ഏത് സ്‌കൂളില്‍ പഠിക്കുമെന്നുള്ള ചര്‍ച്ചയും തുടര്‍ന്നെത്തി. ചിലര്‍ കുടുംബത്തിന് റെസ്റ്റോറന്റുകളും താമസ സ്ഥലങ്ങളും നിര്‍ദേശിച്ചു.