ചെന്നൈ- മറ്റൊരാളെ ഏറ്റവും താഴേക്കിടയിലേക്ക് അടിച്ചിടാന്‍ എല്ലാവരും ഉപയോഗിക്കുന്ന പദമാണ് കഴുത. അങ്ങനെയൊക്കെ വിളിക്കാമോ, മൃഗസംരക്ഷകര്‍ കേസുകൊടുത്താന്‍ പെടുമോ എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. കഴുത, എന്നത് അത്ര മോശം പദമാണോ. അല്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്.
പശുവിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്ന രാജ്യത്താണ് കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയുമായി കഴുത രംഗത്തുള്ളത്. ആരും തല്ലാനും കൊല്ലാനും വരില്ലെന്ന് മാത്രമല്ല കഴുതയെ വളര്‍ത്തിയാല്‍ നല്ല കാശും കിട്ടും. എങ്ങനെയെന്നല്ലേ. സാധാരണ പശുവിന്‍ പാലിനും ആട്ടിന്‍ പാലിനുമൊക്കെ ലിറ്ററിന് നൂറൂരൂപയില്‍ താഴെയാണ് വിലയെങ്കില്‍ കഴുതപ്പാല്‍ വില ലിറ്ററിന് രണ്ടായിരം കടന്നു.
കഴുതപ്പാലിന് ആവശ്യക്കാര്‍ കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ തെങ്കാശിയില്‍ ലിറ്ററിന് രണ്ടായിരം രൂപ ഈടാക്കുന്നുണ്ട്. കഴുതയെ വളര്‍ത്തുന്നവര്‍ ആവശ്യക്കാരുടെ വീടുകളിലെത്തി പാല്‍ കറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അതായത് അകിടില്‍ നിന്ന് നേരെ ഉപഭോക്താവിന്റെ പാത്രത്തിലേക്കാണ് വിതരണം. 'ശംഖ്' എന്ന വിളിപ്പേരുള്ള ചെറിയ വെള്ളിപ്പാത്രത്തിലാണ് കഴുതപ്പാല്‍ വാങ്ങുന്നത്. തെങ്കാശിയില്‍ കഴുതപ്പാലിന് ആവശ്യക്കാര്‍ ഏറെയാണ്. വെറും 25 മില്ലീലിറ്റര്‍ കഴുതപ്പാല്‍ കിട്ടാന്‍ 50 രൂപ നല്‍കണം.
ഔഷധഗുണവും രോഗപ്രതിരോധശേഷിയും കഴുതപ്പാലിന് കൂടുതലുണ്ടെന്ന വിശ്വാസമാണ് ആവശ്യക്കാരുടെ വര്‍ധനവിന് കാരണമായത്. മാത്രമല്ല കഴുതയെ സൗന്ദര്യമുള്ള ജീവിയായി പരിഗണിക്കുന്നില്ലെങ്കിലും കഴുതപ്പാല്‍ കുടിച്ചാല്‍ സൗന്ദര്യം കൂടുമെന്നാണ് വിശ്വസിക്കുന്നത്. അതുംകൂടി വില വര്‍ധനവിന് പിന്നിലെ രഹസ്യമാണ്.
രസകരമായ കാര്യം കഴുതപ്പാലിന് ഔഷധ ഗുണം കൂടുതലുണ്ടെന്ന കാര്യത്തില്‍ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. പശുവിന്‍ പാലിലും എരുമപ്പാലിലും കാണപ്പെടുന്ന ഘടകങ്ങള്‍ തന്നെയാണ് കഴുതപ്പാലിലും അടങ്ങിയിട്ടുള്ളതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ശരാശരി ഇന്ത്യക്കാരുടെ വിശ്വാസങ്ങള്‍ക്ക് ബലം നല്‍കുന്നത് ശാസ്ത്രീയ കാഴ്ചപ്പാടുകളൊന്നുമല്ലല്ലോ, വെറും കേട്ടുകേള്‍വികള്‍ മാത്രമല്ലേ. അപ്പോ പിന്നെ, കുറച്ചു നാള്‍ കഴുതപ്പാലും നല്ല വിലയ്ക്ക് വിറ്റുപോകും.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പും കഴുതപ്പാലിന് ഇത്തരത്തില്‍ വില വര്‍ധിച്ചിരുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് കഴുതപ്പാലിന് ലിറ്ററിന് രണ്ടായിരം രൂപയിലെത്തിയതെങ്കില്‍ 2013ല്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് കഴുതപ്പാല്‍ വില ലിറ്ററിന് രണ്ടായിരം തൊട്ടത്. അന്ന് നവജാത ശിശുക്കള്‍ക്കാള്‍ കഴുതപ്പാല്‍ ഏറ്റവും ഗുണം ചെയ്യുകയെന്ന പ്രചാരണവും രംഗത്തുണ്ടായിരുന്നു. നവജാത ശിശുക്കളുടെ ആസ്തമയും ശ്വാസിക്കാന്‍ ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ കഴുതപ്പാല്‍ ദിവൗഷധമാണെന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്.
തെങ്കാശിയില്‍ നിന്നും വ്യത്യസ്തമായി വിശാഖപട്ടണത്ത് 25 മില്ലി കഴുതപ്പാലിന് 200 രൂപ ഈടാക്കിയിരുന്നു. എന്നാല്‍ ഒരു ലിറ്റര്‍ ഒന്നിച്ചെടുത്താല്‍ രണ്ടായിരം രൂപയ്ക്ക് നല്‍കാന്‍ തയ്യാറായിരുന്നു.
മനുഷ്യരുടെ മുലപ്പാലുപോലയാണ് കഴുതപ്പാലെന്ന അഭിപ്രായം മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പ്രോട്ടീനും ഫാറ്റും കഴുതപ്പാലില്‍ കുറവാണെന്നും എന്നാല്‍ ലാക്ടോസ് കൂടുതലുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. ആറു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പഴയ കാലത്ത് ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് കഴുതപ്പാല്‍ ഔഷധമായി കൊടുത്തിരുന്നെന്നും ഇവര്‍ വിശദമാക്കുന്നു.
ഈജിപ്ഷ്യന്‍ ലോകസുന്ദരി ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം പോലും കഴുതപ്പാലാണെന്ന പ്രചാരണവും നിലനില്‍ക്കുന്നുണ്ട്. ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും എഴുന്നൂറോളം കഴുതകള്‍ ക്ലിയോപാട്രയ്ക്ക് കുളിക്കാന്‍ വേണ്ടിയുള്ള പാല്‍ ചുരത്താനായി ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. കഴുതപ്പാലില്‍ കുളിച്ചിരുന്നതാണത്രെ ക്ലിയോപാട്രയുടെ ചര്‍മ്ം മിനുസവും സുന്ദരവുമാക്കിയത്. മാത്രമല്ല സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കഴുതപ്പാല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴുതപ്പാലില്‍ നിന്നുണ്ടാക്കുന്ന ചീസിനാണ് ഏറ്റവും വിലക്കൂടുതലെന്നും കഴുതപ്പാല്‍ ആരാധകര്‍ പറയുന്നു.
കഴുതപ്പാല്‍ മാഹാത്മ്യം അവസാനിക്കുന്നില്ല. അര്‍ബദം, പൊണ്ണത്തടി, ചില അലര്‍ജി രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കഴുതപ്പാല്‍ ദിവ്യൗഷധമാണെന്നും ചിലര്‍ പറയുന്നുണ്ട്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം മികവുറ്റതാക്കാന്‍ കഴുതപ്പാലിനോളം പോന്ന മറ്റൊന്നുമില്ലത്രേ. പിന്നെങ്ങനെ കഴുതപ്പാല്‍ കിലോയ്ക്ക് രണ്ടായിരം മുതല്‍ ഏഴായിരം രൂപ വരെ ആകാതിരിക്കും. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇകൈ്വന്‍സിലെ മുന്‍ ഡയറക്ടര്‍ ഡോ. ബി എന്‍ ത്രിപതിയാണ് ഇക്കാര്യങ്ങളെല്ലാം രണ്ടു വര്‍ഷം മുമ്പ് പറഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്ക് മികച്ചതാണ് കഴുതപ്പാലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇതേ സ്ഥാപനത്തിലെ ഡോ അനുരാധയാകട്ടെ ലിപ് ബാമിനും ബോഡി ലോഷനും നിര്‍മാണത്തില്‍ കഴുതപ്പാല്‍ ഉപയോഗപ്പെടുത്തുന്നും പറഞ്ഞു.
ഇത്രയൊക്കെ പറഞ്ഞിട്ടും കഴുതയോടും കഴുതപ്പാലിനോടുമുള്ള പുച്ഛം മാറാത്തവര്‍ക്കായി കര്‍ണാടകയില്‍ നിന്നുള്ള 42കാരന്‍ ശ്രീനിവാസ ഗൗഡയുടെ കഥ കൂടി പറയാം. ഐ ടി കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ശ്രീനിവാസ ഗൗഡ തന്റെ ജോലിയും രാജിവെച്ചാണ് കഴുത ഫാം തുടങ്ങിയത്. 2022 ജൂണ്‍ എട്ടിന് ആരംഭിച്ച കഴുത ഫാമില്‍ ഒരാഴ്ചയ്ക്കകം കിട്ടിയ ഓര്‍ഡര്‍ കേട്ടാല്‍ ഞെട്ടും- 17 ലക്ഷം രൂപ.
ദക്ഷിണ കന്നഡ ജില്ലയില്‍ തുടങ്ങിയ കഴുത ഫാം ഇത്തരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതാണത്രെ. ബി എ ബിരുദധാരിയായ ഗൗഡ 2020 വരെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജോലി രാജിവെച്ച് നേരെ 2.3 ഏക്കറില്‍ ഒരു ഫാമിന് തുടക്കമിട്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുയലും കോഴിയും ആടുമൊക്കെയായിരുന്നു ആദ്യം ഫാമിലുണ്ടായിരുന്നത്. ഇവിടേക്ക് 2022ല്‍ 20 കഴുതകളെ കൂടി ചേര്‍ത്താണ് ഗൗഡ തന്റെ ഫാമും ബിസിനസും കൊഴുപ്പിച്ചത്.
കഴുതപ്പാലിന്റെ 30 മില്ലി പാക്കറ്റിന് ഗൗഡ ഈടാക്കുന്നത് 150 രൂപയാണ്. ഈ പാല്‍ പാക്കറ്റുകള്‍ ഗൗഡയുടെ ഫാമില്‍ മാത്രമല്ല മാളുകളിലും കടകൡും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം എത്തിക്കുകയും ചെയ്തു അദ്ദേഹം. ഇതോടെയാണ് ഓര്‍ഡര്‍ 17 ലക്ഷത്തിലെത്തിയത്.