ലണ്ടന്‍- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വെട്ടിച്ച് രാജ്യംവിട്ട രത്‌ന വ്യവസായി നീരവ് മോഡി സിംഗപൂര്‍ പാസ്‌പോര്‍ട്ടുമായി ലണ്ടനില്‍ ഉള്ളതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാനായി പലതവണ അന്വേഷണ ഏജന്‍സികള്‍ സമന്‍സ് അയച്ചിട്ടും മറുപടി നല്‍കാതെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കഴിയുകയാണ് മോഡിയും കേസിലെ മറ്റു പ്രതികളായ ബന്ധുക്കളും. നീരവിന്റെ സഹോദരന്‍ നിഷാല്‍ മോഡി ബെല്‍ജിയം പാസ്‌പോര്‍ട്ടുമായി ആന്റെര്‍പിലാണ് കഴിയുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവിന്റെ സഹോദരി പുര്‍വി മേത്ത ബെല്‍ജിയം പാസ്‌പോര്‍ട്ടില്‍ ഹോങ്കോങ്ങില്‍ കഴിയുകയാണ്. പുര്‍വിയുടെ ഭര്‍ത്താവ് മായങ്ക് മേത്തയുടേത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ്. ഇദ്ദേഹം ഹോങ്കോങിലും ന്യൂയോര്‍ക്കിലും മാറിമാറി താമസിച്ചു വരികയാണിപ്പോള്‍. ഇവര്‍ക്കെല്ലാം പലപ്പോഴായി ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
നീരവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ മാസം ആദ്യമാണ് ഇ ഡി സമന്‍സ് അയച്ചത്. 15 ദിവസത്തിനകം ഹാജരകാണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമന്‍സ് കാലാവധി തീര്‍ന്നാല്‍ വീണ്ടും ഇവര്‍ക്ക് സമന്‍സ് അയക്കുമെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.