Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിന് ഉപമുഖ്യന്ത്രി അടക്കം 20 മന്ത്രിമാര്‍; ജെഡിഎസിന് 13

ബംഗളുരൂ- കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് ഭരണം ഉറപ്പായതോടെ മന്ത്രി പദവികള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ച ഇരുപാര്‍ട്ടികളും ധാരണയിലെത്തി. ഇതു പ്രകാരം മന്ത്രി സഭയില്‍ കോണ്‍ഗ്രസിന് 20ഉം ജെഡിഎസിനും 13 മന്ത്രിമാരുണ്ടാകും. ഇരു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. എന്നാല്‍ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചെ അന്തിമ തീരുമാനമെടുക്കൂ. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി ധനകാര്യം, ഇന്റലിജന്‍സ് എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം പരമേശ്വരക്കായിരിക്കും. 

78 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഏറ്റവും കുടുതല്‍ അംഗങ്ങളുള്ളതിനാല്‍ കൂടുതല്‍ മന്ത്രി പദവികള്‍ വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത്, ജലവിഭവം, റെവന്യു വകുപ്പുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരം പങ്കിടുന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജി പരമേശ്വര, ജെഡിഎസ് നേതാക്കളായ കുമാരസ്വാമി, എച്ച് ഡി രേവണ്ണ എന്നിവര്‍ പങ്കെടുത്തു. 

ആര്‍ വി ദേശ്പാണ്ഡെ, ഡി കെ ശിവകുമാര്‍, എച്ച് കെ പാട്ടീല്‍, കെ ആര്‍ രമേഷ് കുമാര്‍, രാമലിംഗ റെഡ്ഡി, കെ ജെ ജോര്‍ജ്, ശമനുര്‍ ശിവശങ്കപ്പ, എം ബി പാട്ടീല്‍, യു ടി ഖാദര്‍, എസ് ആര്‍ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ മന്ത്രിപ്പട്ടികയിലെ പ്രമുഖര്‍. ജെഡിഎസില്‍ നിന്ന് എച്ച് ഡി രേവണ്ണ, ബസവരാജ് ഹൊരട്ടി, ബന്തെപ്പ കശംപുര്‍, ജി ടി ദേവ ഗൗഡ, ശിവലിംഗ ഗൗഡ, എച്ച് കെ കുമാരസ്വാമി, എ എച് വിശ്വനാഥ്, ബി എം ഫാറൂഖ്, സി എസ് പുട്ടരാജു എന്നിവരും മന്ത്രിമാരാകുമെന്ന് കരുതപ്പെടുന്നു. 

അതേസമയം ഇതു സംബന്ധിച്ച അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡയുമായും കൂടിയാലോചിച്ച ശേഷമെ കൈകൊള്ളൂ. ഇരു പാര്‍ട്ടികളേയും ഐക്യപ്പെടുത്തുന്നതിന് ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കു രൂപം നല്‍കുന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
 

Latest News