ബംഗളൂരു- കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയെ ക്ഷണിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്ന സത്യപ്രതിജ്ഞയ്ക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ അസൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചയിലേക്കു മാറ്റിയത്്. തിങ്കളാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമാണ്.
ബംഗളുരുവിലെ വിശാലമായി കണ്ഠീവര സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേശീയ തലത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കളുടെ അപൂര്‍വ സംഗമ വേദിയായി ഇതു മാറും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പുറമെ പ്രതിപക്ഷ കക്ഷികളെ നയിക്കുന്ന മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരുമടക്കം പ്രബല നേതാക്കളുടെ നീണ്ട നിര തന്നെ ചടങ്ങിനെത്തും. കുമാരസ്വാമി ഇന്ന് രാഹുലിനെ കാണാന്‍ ഡല്‍ഹിക്കു പോകുന്നുണ്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതി എന്നിവരാണ് ചടങ്ങിനെത്തുന്ന പ്രമുഖര്‍.