Sorry, you need to enable JavaScript to visit this website.

സൗദിയിൽ ദേശവിരുദ്ധ പ്രവർത്തനം: വനിതയടക്കം ഏഴുപേർ അറസ്റ്റിൽ

ലുജൈൻ അൽഹദ്‌ലൂൽ

റിയാദ് - ദേശവിരുദ്ധ പ്രവർത്തനം നടത്തുകയും വിദേശ ഏജൻസികളുമായി ആശയവിനിമയം നടത്തുകയും ചെയ്ത കേസിൽ ഏഴു പേരെ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷാ വകുപ്പ് അറിയിച്ചു. ഇസ്‌ലാമികമൂല്യങ്ങളും രാജ്യം പിന്തുടരുന്ന മൂല്യങ്ങളും മറികടക്കുന്നതിന് പരസ്പര ഏകോപനത്തോടെ വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയും ഈ ലക്ഷ്യത്തോടെ വിദേശ ഏജൻസികളുമായി ആശയവിനിമയം നടത്തുകയും വിദേശ ഏജൻസികളുടെ പിന്തുണ നേടുകയും ചെയ്യുന്ന സംഘത്തിന്റെ പ്രവർത്തനം സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തന്ത്രപ്രധാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ലക്ഷ്യങ്ങൾക്കു വേണ്ടി സംഘം റിക്രൂട്ട് ചെയ്യുന്നതിനും ശ്രമിച്ചിരുന്നു. വിദേശങ്ങളിലെ സൗദി വിരുദ്ധ പ്രവർത്തകർക്ക് സംഘം സാമ്പത്തിക സഹായം നൽകുകയും ചെയ്തു. 
രാജ്യത്തിന്റെ സുരക്ഷാ ഭദ്രതക്കും സാമൂഹിക സമാധാനത്തിനും ദേശീയൈക്യത്തിനും കോട്ടംതട്ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്. ഈ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധമുള്ള മറ്റു ആളുകളെ തിരിച്ചറിയുന്നതിനും നിർണയിക്കുന്നതിനും അവർക്കെതിരെ നിയമനുസൃത നടപടികളെടുക്കുന്നതിനും അന്വേഷണം തുടരുകയാണെന്നും ദേശീയ സുരക്ഷാ വകുപ്പ് പറഞ്ഞു. 
നാലു പുരുഷന്മാരും മൂന്നു വനിതകളുമാണ് അറസ്റ്റിലായത്. ഇബ്രാഹിം അബ്ദുറഹ്മാൻ അൽമുദൈമിഗ്, മുഹമ്മദ് ഫഹദ് അൽറബീഅ, അബ്ദുൽ അസീസ് മുഹമ്മദ് അൽമിശ്അൽ, ലുജൈൻ ഹ്ദലൂൽ അൽഹദ്‌ലൂൽ, അസീസ മുഹമ്മദ് യൂസുഫ്, ഈമാൻ ഫഹദ് അൽനഫ്ജാൻ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഏഴാമത്തെ വ്യക്തിയുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. 
നേരത്തെ സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നേടിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലുജൈൻ അൽഹദ്‌ലൂൽ നിയമം ലംഘിച്ച് കാറോടിച്ച് യു.എ.ഇ അതിർത്തി വഴി സൗദിയിൽ പ്രവേശിക്കുന്നതിന് ശ്രമിക്കുന്നതിനിടെ അറസ്റ്റിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്ത മൈസാ അൽഅമൂദിയും അറസ്റ്റിലായി. അന്ന് 73 ദിവസം ഇരുവരെയും ജയിലിൽ അടച്ചു. 2015 ലായിരുന്നു ഇത്. ബ്രിട്ടണിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടിയ ലുജൈൻ അൽഹദ്‌ലൂൽ 2013 ഒക്‌ടോബറിൽ വിദേശ പഠനം പൂർത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തിയപ്പോൾ റിയാദ് എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പിതാവിന്റെ കാർ ഓടിച്ചുപോവുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇവരുടെ പിതാവിനെ സുരക്ഷാ വകുപ്പുകൾ വിളിച്ചുവരുത്തി രാജ്യത്തെ നിയമങ്ങൾ പാലിക്കുമെന്നതിന് രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു.  

 


 

Latest News