ആത്മവിശ്വാസമില്ലായ്മയെ പ്രതിരോധിക്കുന്ന ആയുധമാണ് അറിവ് . അറിവ്, പ്രണയം അധ്വാനം, യാത്ര തുടങ്ങിയവയെക്കാൾ വലിയ ലഹരികൾ ജീവിതത്തിലില്ല. ജീവിതമാണ് ലഹരി എന്ന് ബോധ്യപ്പെടുത്തുകയാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ഫലപ്രദമായ മാർഗം. വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ 'ടീ ടൈം ജീനിയസ് 22' എന്ന ക്വിസ് മത്സരം പൊതുസമൂഹം ഏറ്റെടുത്തു.
വള്ളുവനാടിന്റെ സിരാ കേന്ദ്രമായ പെരിന്തൽമണ്ണ കഴിഞ്ഞ ദിവസം സാക്ഷിയായത് വൈജ്ഞാനിക രംഗത്ത് കൂടുതൽ ആകർഷകമായ പ്രശ്‌നോത്തരി മത്സരത്തിലുണ്ടായ ജനപങ്കാളിത്തമായിരുന്നു. മലയാള അക്ഷരങ്ങളെയും സാഹിത്യത്തെയും കലയെയും സ്‌നേഹിച്ച നെഞ്ചോട് ചേർത്ത് നിരവധി മഹാന്മാർ വിരാജിച്ച പെരിന്തൽമണ്ണ ഇപ്പോൾ ആതുരസേവന രംഗത്ത് പ്രശസ്തിയുടെ കൊടുമുടി കേറി നിൽക്കുന്നു. ഇതിനിടയിലാണ് ഭൂരിഭാഗം മനുഷ്യരുടെ ചായ ഭ്രമം അതിനെ ബിസിനസ്സ് മേഖലയാക്കി തിരിച്ചു നൂതന സംവിധാനത്തിലൂടെ യുവാക്കളിലും വിദ്യാർത്ഥികളിലും പ്രിയം നേടുന്ന തരത്തിൽ കഫേകളും ഔട്ട് ലെറ്റുകളുമായി വ്യവസായികൾ രൂപകൽപന ചെയ്തത്.
ഖത്തർ കേന്ദ്രമായാണ് പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ കരീം അറബികളിൽ നില നിൽക്കുന്ന ചായ സംസ്‌കാരത്തെ വാണിജ്യവൽക്കരിക്കാൻ തീരുമാനിച്ചത്. പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് ടീ ടൈം എന്ന പേരിൽ ഖത്തറിൽ സ്ഥാപനത്തിന് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ചായക്കൂട്ടുകൾ അറബികൾ നെഞ്ചോട് ചേർക്കുകയും അതിനോടൊപ്പം പ്രവാസികൾ ചേരുകയും ചെയ്തതോടെ ആവശ്യക്കാരുടെയും സന്ദർശകരുടെയും എണ്ണം ക്രമാതീതമായി വർധിച്ചു. ഇന്നത് നൂറു ശാഖകളുമായി ടീ ടൈം ഗ്രൂപ്പ് ലോക ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഇതിനു ഒരു ശാഖ മാത്രമാണുള്ളത്. അത് പെരിന്തൽമണ്ണയിൽ തന്നെ. ഒരു ബസ്സിന്റെ ബോഗികളിലായി ചേതോഹരമായി രൂപകൽപന ചെയ്ത് സ്ഥാപിച്ചിരിക്കുന്നു. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ വിശാലമായ കാഴ്ചപ്പാടുള്ള ചില സുഹൃത്തുക്കളും കൂടി കൂട്ടായ പ്രവർത്തനം വെറും ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നതല്ല. ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നു. ആയിരക്കണക്കിന് മലയാളികൾ വിവിധ രാജ്യങ്ങളിൽ ഇതിനു കീഴിൽ തൊഴിൽ ചെയ്യുന്നുണ്ട്.
പെരിന്തൽമണ്ണ ടീ ടൈം, പ്രദേശത്തെ കലാ പ്രതിഭകളെ ആദരിക്കുന്നതിനായി ഒഴിവു ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും സംഗീത പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക കപ്പുമായി ബന്ധപ്പെട്ടു ആറ് മാസം നീണ്ടു നിന്ന പരിപാടികൾക്കാണ് ടീ ടൈം നേതൃത്വം നൽകിയത്. വിവിധ ടീമുകളിലെ ആരാധകർക്ക് വേണ്ടി വ്യത്യസ്തങ്ങളായ മത്സരങ്ങളും സംഗമങ്ങളും സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. ലോക കപ്പിന്റെ ശിൽപം സ്ഥാപിച്ച് കാണികളിൽ കൂടുതൽ ഹരം പകരുന്നതിനും വിവിധ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു.
ഏറ്റവുമൊടുവിൽ വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടീ ടൈം ജീനിയസ് 22 എന്ന ക്വിസ് മത്സരം അത് പൊതു സമൂഹം ഏറ്റെടുത്തു എന്നതിന് തെളിവായിരുന്നു സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ തടിച്ചു കൂടിയ ജന പ്രവാഹം. അറിവിന്റെ ഈ മഹോത്സവത്തിന് നേതൃത്വം നൽകിയത് അശ്വമേധം പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാന്റ് മാസ്റ്റർ ജി. എസ് പ്രദീപ് ആയിരുന്നു. പ്രൗഢഗംഭീരമായ ചടങ്ങിലേക്ക് ജി.എസ് പ്രദീപ് കടന്നു വന്നപ്പോൾ ഹർഷാരവങ്ങൾക്കിടയിൽ അദ്ദേഹം മത്സരാർത്ഥികളായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകരാൻ മറന്നില്ല. ഇത് മത്സരമാണ് ഇവിടെ തോൽവിയും ജയവും ഉണ്ടാവും. ജയിച്ചവരേക്കാൾ പരാജിതരാണ് ഈ ലോകം കൂടുതൽ മനോഹരമാക്കിയതെന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞതോടെ മൽസരാർത്ഥികളുടെ മുഖത്ത് പ്രകാശം തെളിയുന്നത് കാണാമായിരുന്നു.
ആകാശവാണിയുടെ സ്വരപരിശോധനയുടെ ആദ്യ ശ്രമത്തിൽ പുറം തള്ളപ്പെട്ട ഇന്ന് സംഗീതത്തിന്റെ കൊടുമുടിയിൽ എത്തിപ്പെട്ട കെ. ജെ യേശുദാസിനെയും മ്യുണിക്ക് സർവ്വകലാശാലയിൽ നിന്നും പ്രവേശനം നിഷേധിക്കപ്പെട്ട ഐൻസ്റ്റീനെയും നിരവധി തവണ പരാജയം ഏറ്റുവാങ്ങി പിന്നീട് അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ അബ്രഹാം ലിങ്കനെയും പോലുള്ളവരാണ് നമ്മുടെ ലോകത്ത് വെളിച്ചം പടർത്തി കൂടുതൽ ശോഭനമാക്കിയത്. അത് കൊണ്ട് തന്നെ ടീ ടൈം ജീനിയസ് 22 എന്ന അറിവിന്റെ ഉത്സവത്തിൽ തോറ്റവരായി ആരെയും കണക്കാക്കുന്നില്ല. മലയാളക്കരയുടെ ഏറ്റവും വലിയ പ്രത്യേകത നമുക്കു വേണ്ടി തോറ്റ് കൊടുത്ത വ്യക്തികൾക്കൊപ്പം അവർ എന്നും നിലകൊള്ളും എന്നതാണ്. ജീവിതത്തിൽ എന്തിനെയും ജയിക്കാൻ ഒരു കാര്യമേയുള്ളൂ അത് തോൽക്കാൻ തയ്യാറാവുക എന്നതാണ്.
തോൽക്കാൻ മടിയില്ലാത്തവർ ജയിച്ചു, അങ്ങനെ തോറ്റ് പോയവരുടെ വിരലടയാളം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു ഗോപുരത്തിന്റെ പേരാണ് മനുഷ്യരാശി. അറിവ് എന്നത് വിജയിച്ചവന്റെ ലക്ഷണമല്ല, പരാജയപ്പെട്ടവന്റെ മടങ്ങിവരവിന്റെ കൊടിയടയാളമാണ്.
അറിവിന്റെ പെരുങ്കാളിയാട്ടമായി ടീ ടൈം ജീനിയസ് 2022 സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. 2022 ലെ ടീ ടൈം ജീനിയസ്സിനെ കണ്ടെത്താൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച അത്യന്തം ആവേശഭരിതമായ മൾട്ടി മീഡിയ ഇൻഫോറ്റേയ്ന്റ് പ്രശ്‌നോത്തര പരിപാടിയിൽ പങ്കെടുക്കുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ അഞ്ഞൂറോളം മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു പേർ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. തുടർന്ന് നടന്ന രണ്ടു മണിക്കൂർ നീണ്ടുനിന്ന അറിവുത്സവത്തിൽ അനായാസമായി തുടങ്ങി കൂടുതൽ സങ്കീർണമായ സാഹചര്യത്തിലൂടെ സഞ്ചരിച്ചു ഒടുവിൽ ചിന്തക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്നന്വേഷണത്തിലേക്ക് മത്സരാർത്ഥികളെ എത്തിക്കുന്നിടത്താണ് ഗ്രാന്റ് മാസ്റ്ററുടെ വിദഗ്ധമായ ട്വിസ്റ്റുകളും കുടിലതകളും പ്രതിസന്ധിയിലെത്തിച്ചത്. ഇവിടെ നിന്നും ചിറക് ഭേദിച്ചു പറന്നുയരാൻ ശ്രമിക്കുന്ന മത്സരാർഥി ദീർഘ നിശ്വാസത്തോടെയുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ഭാവവും വിജയത്തിലേക്ക് കുതിച്ച മുഖകാന്തിയും ദൃശ്യമാവുന്നതോടെ സദസ്സിൽ നിന്നുയരുന്ന കരഘോഷങ്ങൾ ഏറെ ആവേശകരവും പ്രൗഢമായിരുന്നു. ഗ്രാന്റ് ഫിനാലെയിൽ തൃശൂർ സ്വദേശി അഖിൽ ഘോഷ് 320 പോയിന്റോടെ ഒന്നാം സ്ഥാനവും, തിരുവനന്തപുരം സ്വദേശി രഞ്ജിത് വെള്ളാല്ലൂർ 150 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം പാങ്ങ് സ്വദേശി അദൈ്വത് മേനോൻ 120 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു.
കവിതാ ശകലങ്ങളും പ്രേക്ഷകരുമായുള്ള തന്റെ സ്വതഃസിദ്ധമായ സംവാദങ്ങളും കൊണ്ട് നിറഞ്ഞു കവിഞ്ഞ സദസ്സിനെ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടതു അവിസ്മരണീയമായ അനുഭവമായിരുന്നു. ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നതിൽ അറിവിന്റെ പ്രാധാന്യവും കാര്യ ഗൗരവത്തോടെ പ്രേക്ഷകരെ ഉദ്ധീപിപ്പിക്കുകയും ഒരാളുടെ വ്യക്തിത്വ വികസനത്തിന് വേണ്ട ഉപദേശങ്ങൾ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രതിപാദിക്കുവാനും ജി.എസ് പ്രദീപ് കാണിക്കുന്ന മിടുക്ക് കൗതുകമുണർത്തി. വാക്കുകളെ സ്ഫുടം ചെയ്‌തെടുത്ത ഭാഷയിൽ സംസാരിക്കുകയും ഓർമയുടെയും അറിവിന്റെയും അപാരമായ പാതകളിലൂടെ നടത്തി പ്രേക്ഷകരെ വിജ്ഞാനത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാനെന്ന വാക്കിന്റെ തടവറയിൽ കഴിയുന്നവരുടെ അറിവ് വിജ്ഞാനമല്ല. അജ്ഞാനമാണ്. താൽക്കാലിക നേട്ടങ്ങൾക്കും ജീവിതത്തിന്റെ പുഷ്ടിപ്പെടലിനും മാത്രമുള്ള മാധ്യമമായി അറിവ് അധഃപതിക്കുന്നതാണ് ലോകം ഇന്ന് നേരിടുന്ന അപകടം. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് വർത്തമാനകാല മനുഷ്യൻ അപരനെ ആശ്രയിക്കുന്നത്. ആത്മവിശ്വാസമില്ലായ്മയെ പ്രതിരോധിക്കുന്ന ആയുധമാണ് അറിവ്. അറിവ്, പ്രണയം അധ്വാനം, യാത്ര തുടങ്ങിയവയെക്കാൾ വലിയ ലഹരികൾ ജീവിതത്തിലില്ല. ജീവിതമാണ് ലഹരി എന്ന് ബോധ്യപ്പെടുത്തുകയാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ഫലപ്രദമായ മാർഗം.
ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം. എൽ. എ ടീ ടൈം ജീനിയസ് ഉദ്ഘാടനം ചെയ്തു. ഏലംകുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ. പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് യൂസുഫ് രാമപുരം, ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗം വി. രമേശൻ, സി. പി. എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, കെ പി സി സി സെക്രട്ടറി കെ. ബാബു രാജ്, പി. കെ കേശവൻ, എന്നിവർ സംസാരിച്ചു. ടീ ടൈം മാനേജിംഗ് ഡയരക്ടർ അബ്ദുൽ കരീമിന്റെ അഭിനന്ദന സന്ദേശം സദസ്സിൽ സി.പി അഷ്റഫ് വായിച്ചു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പ്രശസ്തിപത്രങ്ങളും മെമന്റോകളും വിജയികൾക്ക് ഒറ്റപ്പാലം എം. എൽ. എ അഡ്വ. പ്രേംകുമാർ വിതരണം ചെയ്തു. ഗ്രാന്റ് മാസ്റ്റർ ജി. എസ് പ്രദീപിനെ പ്രമുഖ പ്രവാസി വ്യവസായി ബദർ മെഡിക്കൽ ഗ്രൂപ്പ് എം.ഡി അഹമ്മദ് പുളിക്കൽ മെമന്റോ നൽകി ആദരിച്ചു. ഹബീബ് ഏലംകുളം സ്വാഗതവും ഹനീഫ താമരശ്ശേരി നന്ദിയും പറഞ്ഞു. സുകന്യ പട്ടം, അവതാരകയായിരുന്നു.
ചായയിൽ നിന്നും സർഗാത്മകതയും, സ്‌നേഹവും, വിജ്ഞാനവും വിരിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന ടീ ടൈം ജീനിയസ് 22 എന്ന് ഇത് തന്റെ സഹപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്നും മാനേജിംഗ് ഡയറക്ടർ അബ്ദുൽ കരീം അഭിപ്രായപ്പെട്ടു. അന്യന്റെ ദുഃഖം തന്റെ വേദനയാണെന്ന മനസ്സ് ഉണ്ടെങ്കിൽ മാത്രമേ വിജയത്തിലെത്താൻ സാധിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചായയിലൂടെ മാനവ സൗഹൃദം കണ്ടെത്താൻ കഴിഞ്ഞതായും അത് കൊണ്ടാണ് ഒന്നിൽ തുടങ്ങിയ ടീ ടൈം നൂറിലെത്തി നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവികതയും സ്‌നേഹവുമാണ് നമുക്ക് വേണ്ടതെന്നും സഹജീവികളോട് കരുണ കാണിക്കുന്നതിലൂടെ ദൈവപ്രീതി ലഭിക്കുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് പാവപ്പെട്ടവർക്ക് ജോലി നൽകിയതിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായതായും വീടില്ലാത്ത അനേകം പേർക്ക് തങ്ങളുടെ ഗ്രൂപ്പ് വീട് വെച്ച് നൽകിയതായും മരുന്നുകൾക്കും മറ്റു ചികിത്സക്കുമായി സാമ്പത്തിക സഹായങ്ങൾ ചെയ്തു വരുന്നതായും ഇതിനു സമാനമായി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടുന്നതായും അദ്ദേഹം അറിയിച്ചു. തന്റെ മാതാപിതാക്കളിൽ നിന്നും തനിക്കു ലഭിച്ച അറിവും പിന്തുണയുമാണ് ജീവകാരുണ്യ രംഗത്ത് എന്റെ ഇടപെടൽ എന്നും അല്ലാഹുവിനോടാണ് നന്ദിയും കടപ്പാടുമെന്നും ദൈവ സഹായം ഉണ്ടെങ്കിൽ കൂടുതൽ ശക്തമായി മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.