Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റ്യാനോയിലൂടെ സൗദി ലക്ഷ്യമിടുന്നത് വൻ നേട്ടങ്ങൾ

ജിദ്ദ- ക്രിസ്റ്റിയാനോ റൊണാൾഡോ എത്തിച്ച് സൗദി അറേബ്യ ലക്ഷ്യമിടുന്നത് വൻ പദ്ധതികൾ. ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളിലൊന്നായ ക്രിസ്റ്റിയാനോ റൊണാൾഡോയെ സൗദി ഫുട്‌ബോൾ ലീഗിലെ പ്രമുഖ ക്ലബ്ബായ അന്നസ്‌റിൽ എത്തിച്ച് ലോക ശ്രദ്ധയാകർഷിക്കുക എന്നതിന് പുറമെ വരുംകാല സൗദി ഫുട്‌ബോളിനെ മിനുക്കിപ്പണിയുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിൽ കരുത്തരായ അർജന്റീനയെ തോൽപ്പിച്ച സൗദിക്ക് പിന്നീട് മുന്നോട്ടു കുതിക്കാനായില്ലെങ്കിലും 2026 ലോകകപ്പിൽ വൻ തിരിച്ചുവരവും 2030 ലോകകപ്പിന്റെ ആതിഥേയത്വവുമാണ് സൗദി ലക്ഷ്യം വെക്കുന്നത്. 2030 ലോകകപ്പിൽ മറ്റു രാജ്യങ്ങൾക്കൊപ്പം സൗദിക്ക് ആതിഥ്യം വഹിക്കാനാകുമെന്നാണ് ഫുട്‌ബോൾ ഫെഡറേഷൻ കണക്കാക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ 2030 ന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിന് കൂടി ആതിഥേയത്വം വഹിക്കണമെന്ന് സൗദിക്ക് ആഗ്രഹമുണ്ട്. ഖത്തറിൽ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിൽ സൗദി ഫുട്‌ബോൾ ഫെഡറേഷനും ആരാധകരും അത്യാവേശത്തോടെയാണ് പങ്കെടുത്തത്. 
ക്രിസ്റ്റ്യാനോ സൗദി ലീഗിൽ കളിക്കുന്നതോടെ ലോക ഫുട്‌ബോളിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിയും. മാഞ്ചസ്റ്റർ യുനൈറ്റഡിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോക്ക് മറ്റു ചില കാരണങ്ങളാലാണ് ക്ലബ്ബ് വിട്ടത്. ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നെങ്കിലും ടീമിലെ പടലപ്പിണക്കങ്ങളും കോച്ചുമായുള്ള അഭിപ്രായ വ്യത്യാസവും കാരണം ടീമിന് മുന്നോട്ടുപോകാനായില്ല.
സൗദി ഫുട്‌ബോൾ ഫെഡറേഷൻ ക്രിസ്റ്റ്യാനോയുമായി ഇതിന് ശേഷമല്ല ബന്ധപ്പെടാൻ തുടങ്ങിയത്. 2019-ന്റെ തുടക്കം മുതൽ ക്രിസ്റ്റ്യാനോയുമായി സൗദി ബന്ധപ്പെട്ടുവരുന്നുണ്ട്. എന്നാൽ തന്റെ പഴയ ക്ലബ്ബായ റയൽ മഡ്രീഡ് എങ്കിലും തന്നെ തിരിച്ചുവിളിക്കുമെന്ന് ക്രിസ്റ്റ്യാനോ അവസാന നിമിഷം വരെ കരുതിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിന് ശേഷം റയലിന്റെ മൈതാനത്ത് ക്രിസ്റ്റിയാനോ പരിശീലനം തുടരുകയും ചെയ്തു. എന്നാൽ അനുകൂല തീരുമാനം വരാത്തതിനെ തുടർന്നാണ് ഏവരെയും ഞെട്ടിച്ച് ക്രിസ്റ്റ്യാനോ സൗദി ലീഗിൽ എത്തിയത്. ഈ മാസം 19ന് റിയാദിൽ റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്ന ഫുട്‌ബോളിൽ പി.എസ്.ജിയുമായുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ മാസം തന്നെ ക്രിസ്റ്റിയാനോ അന്നസ്‌റിന് വേണ്ടി കളിക്കും. അടുത്ത ആഴ്ച ക്രിസ്റ്റിയാനോ റിയാദിൽ എത്തും. റിയാദിലെ അന്നസ്‌റിന്റെ മൈതാനത്തിൽ സൂപ്പർ താരത്തെ ക്ലബ് ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തും. 

Tags

Latest News