ബെയ്ജിംഗ്- കോവിഡ്-19 വ്യാപനത്തിന്റെ ഈറ്റില്ലമെന്ന് വിശേഷണമുള്ള ചൈനയിലെ വുഹാനില്‍ ഇക്കുറി പുതുവത്സരാഘോഷത്തിന് ഒത്തു ചേര്‍ന്നത് ആയിരങ്ങള്‍. ലോകരാജ്യങ്ങള്‍ കോവിഡിന്റെ ഭീതിയില്‍ നിന്നും പുറത്തെത്തിയെങ്കിലും ചൈനയില്‍ ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്. കടുത്ത നിയന്ത്രണങ്ങളില്‍ ജനം പ്രതികരിച്ചു തുടങ്ങിയതോടെ ഏറെ വിവാദമായ സീറോകോവിഡ് നയം ചൈനീസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതാണ് ജനത്തെ പുറത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.
പുതുവര്‍ഷം പിറന്ന് ക്ളോക്കില്‍ 12 അടിച്ചപ്പോള്‍ വുഹാനില്‍ തടിച്ചുകൂടിയവര്‍ പാരമ്പര്യമനുസരിച്ച് ആകാശത്തേക്ക് ബലൂണുകള്‍ പറത്തിവിട്ടു. അതേസമയം ചൈനയില്‍ നിലവില്‍ രോഗം അതിവേഗത്തിലാണ് പടരുന്നത്. കോവിഡ് മൂലം ചൈനയില്‍ പ്രതിദിനം 9,000 ആളുകളെങ്കിലും മരണപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം ഇരട്ടിയായതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയര്‍ഫിനിറ്റി പറയുന്നു. സീറോ കോവിഡ് നിയന്ത്രണങ്ങള്‍ ചൈന പിന്‍വലിച്ചതിന് ശേഷമാണ് മരണനിരക്ക് ഉയരുന്നത്. ചൈനീസ് വാക്‌സിന്റെ ഫലപ്രാപ്തി ഇല്ലായ്മയെയാണ് പലരും ചോദ്യം ചെയ്യുന്നത്.
ഈ മാസം പകുതിയോടെ ചൈനയിലെ കോവിഡ് വ്യാപനം പ്രതിദിനം 3.7 ദശലക്ഷമായി ഉയര്‍ന്നേക്കാം. ചൈനയില്‍ നിന്നും വരുന്ന യാത്രികര്‍ക്ക് കോവിഡ് പരിശോധന വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്കുള്ള വിമാനയാത്ര വിലക്കുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യങ്ങള്‍ സ്വീകരിച്ചേക്കും. 2019ലും ചൈനയില്‍ നിന്നുമെത്തിയ സഞ്ചാരികളാണ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വൈറസ് ആദ്യമെത്തിച്ചത്. ഇവിടെ നിന്നുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വൈറസ് എത്തിയത്.