ഇടുക്കി-മുക്കുപണ്ടം പണയം വെച്ച് നാല്‍പതിനായിരം രൂപ തട്ടിയെടുത്തയാള്‍ പോലീസ് പിടിയിലാവുന്ന അവസ്ഥയിലെത്തിയപ്പോള്‍ സ്വന്തം വാഹനം ജ്വലറി ഉടമക്ക് വിട്ട് നല്‍കി കേസില്‍നിന്ന് തലയൂരി. അടിമാലിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അടിമാലിക്കടുത്തുളള യുവാവ് രണ്ട് പവന്‍ തൂക്കമുണ്ടെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വെക്കാന്‍ അടിമാലിയിലെ സ്വര്‍ണ കടയില്‍ എത്തി. 60000 രൂപക്ക് പണയം വെച്ചു. 40000 രൂപ വാങ്ങി. 20000 രൂപ വൈകുന്നേരം വാങ്ങി കൊള്ളാം എന്ന് പറഞ്ഞ് പോയി.പിന്നീട് കടക്കാരന്‍ പണയ വസ്തു കൂടുതല്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കട ഉടമ പോലീസില്‍ പരാതി നല്‍കി. വൈകുന്നേരം ഇയാള്‍ എത്തുമ്പോള്‍ അറിയിക്കുവാന്‍ പോലീസ് കട ഉടമക്ക് നിര്‍ദേശം നല്‍കി.
വൈകുന്നേരത്തോടെ യുവാവ് ബാക്കി തുക വാങ്ങുവാന്‍ ജ്വലറിയില്‍ എത്തി. സംഭവം അറിഞ്ഞ് പോലീസും എത്തി.കേസില്‍പ്പെടും എന്ന് മനസിലാക്കിയ യുവാവ് അപ്പോള്‍ തന്നെ തന്റെ വാഹനം കട ഉടമയുടെ പേരില്‍ രേഖാ മൂലം എഴുതി നല്‍കി കേസില്‍ നിന്നും തലയൂരുകയും ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് അടിമാലി പോലീസ് പറഞ്ഞു.