Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയാണ് പ്രവാസ ലോകത്തെ ചർച്ച.  ഏത് വിപണിയെയും നിയന്ത്രിക്കുന്നത് ആവശ്യകതയും ലഭ്യതയുമാണ്. മറ്റെല്ലാ ഘടകങ്ങളും ഇതുമായി ബന്ധപ്പെട്ടതും ഇതിനെ പൂരകമാക്കുന്നതുമാണ്. രൂപയുടെ മൂല്യതകർച്ച ഇതിന്റെയെല്ലാം മൊത്തത്തിലുള്ള പ്രതിഫലനമാണ്. ഡോളറിന് ആവശ്യം വർധിച്ചു. രൂപയുടെ ലഭ്യത കുറയുകയും ചെയ്തു. അമേരിക്കൻ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യകത കൂടിയപ്പോഴാണ് ഡോളർ കരുത്താർജിച്ചത്. ഇതോടെ നമ്മുടെ സാമ്പത്തിക രംഗത്ത് ആശങ്ക പരന്നു. 
സ്വാഭാവികമായും രൂപയുടെ വിൽപന വർധിച്ചു. ഒരു കറൻസി (ഡോളർ) കരുത്താർജിച്ചപ്പോൾ മറ്റൊരു കറൻസി (രൂപ) മൂല്യ ശോഷണത്തിലേക്ക് കൂപ്പു കുത്തി. 
ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ മൂല്യത്തകർച്ചക്ക് വഴി വെക്കാറുണ്ട്. ബാഹ്യ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന വീഴ്ചയെ ആന്തരിക കാരണങ്ങൾ സങ്കീർണമാക്കാറുമുണ്ട്. ഡോളർ - യൂറോ, ഡോളർ - യെൻ വിനിമയ ഏറ്റക്കുറച്ചിലുകൾ രൂപയെ ബാധിക്കുന്ന ബാഹ്യകാരണങ്ങളാണ്. യെൻ യൂറോ വിനിമയത്തിൽ ഡോളർ കരുത്താർജിക്കുമ്പോൾ സ്വാഭാവികമായും അത് ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളുടെ കറൻസിയെ ദുർബലപ്പെടുത്തും. ഈയടുത്ത കാലത്ത് യൂറോ- ഡോളർ വിനിമയത്തിൽ ഡോളർ കരുത്താർജിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്. നമ്മുടെ മോശം സാമ്പത്തിക ഘടകങ്ങൾ ഇതിനു കരുത്ത് പകരുകയും ചെയ്തു. യൂറോപ്പും ഇതു പോലെ പ്രതിസന്ധിയിലാണ്. 
കറണ്ട് അക്കൗണ്ട് സമതുലനം, മൂലധന സ്വരൂപണം, വ്യാവസായിക ഉൽപാദനം, പണപ്പെരുപ്പം, പലിശ നിരക്ക്, ആഭ്യന്തര വളർച്ച തുടങ്ങി രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ആഭ്യന്തര ഘടകങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കറണ്ട് അക്കൗണ്ട് സമതുലനമാണ്. മറ്റ് രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും സംക്ഷിപ്ത വിവരണമാണ് ബാലൻസ് ഓഫ് പെയ്‌മെന്റ്. ഇതിന്റെ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങളാണ് കറണ്ട് അക്കൗണ്ടും കാപിറ്റൽ അക്കൗണ്ടും. അതത് വർഷത്തെ വിദേശ നാണ്യ വരുമാനവും (കയറ്റുമതി) വിദേശ നാണ്യച്ചെലവും (ഇറക്കുമതി) കറണ്ട് അക്കൗണ്ടിൽ ഉൾപ്പെടുത്തുമ്പോൾ രാജ്യത്തേക്ക് വന്ന വിദേശ നിക്ഷേപവും പുറത്തേക്ക് പോയ നിക്ഷേപവും കടപ്പത്ര നിക്ഷേപവും റിസർവ് ബാങ്ക് കൈകാര്യം ചെയ്യുന്ന വിദേശ നാണ്യ ശേഖരവും കാപ്പിറ്റൽ  അക്കൗണ്ടിൽ വരും. 
2007ൽ അമേരിക്കയുടെ കറണ്ട് അക്കൗണ്ട് കമ്മി ആ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഏഴു ശതമാനം എത്തിയപ്പോഴാണ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും ഇന്ത്യൻ രൂപയുമായുള്ള വിനിമയനിരക്ക് 39ൽ എത്തിയതും. സമാനമായ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്. ആറു ശതമാനമാണ് കറണ്ട് അക്കൗണ്ട് കമ്മി. ഈ നില തുടർന്നാൽ ഡോളർ വിനിമയ നിരക്ക് 70ൽ എത്തും. രാജ്യത്തേക്ക് എത്തുന്ന വിദേശ നാണ്യത്തേക്കാൾ കൂടുതൽ ചെലവ് വരുന്ന അവസ്ഥയാണ് കറണ്ട് അക്കൗണ്ട് കമ്മി. കയറ്റുമതി വിദേശനാണ്യ വരുമാനം നേടിത്തരുമ്പോൾ ഇറക്കുമതിയിലൂടെ വിദേശനാണ്യം ചെലവാകുന്നു. 
2001 മുതൽ 2004 വരെ കറണ്ട് അക്കൗണ്ട് മിച്ചമാണ് കാണിച്ചിരുന്നത്. ആഭ്യന്തര ഉൽപാദനത്തിന്റെ 1.5 ശതമാനമായിരുന്നു അക്കാലയളവിലെ കറണ്ട് അക്കൗണ്ട് മിച്ചം. 2005ൽ അത് വെറും 0. 1 ആയി മാറി. തുടർന്ന് കമ്മിയിലേക്കുള്ള യാത്രയായിരുന്നു. അത് വർധിച്ചു കൊണ്ടിരിക്കുന്നു. കറണ്ട് അക്കൗണ്ട് കമ്മി കൂടുമ്പോൾ അത് വിരൽ ചൂണ്ടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അനിശ്ചിതത്വത്തിലേക്കാണ്. ഇതാകട്ടെ മൂലധന സ്വരൂപണത്തെ ബാധിക്കുകയും ചെയ്യും. അതോടൊപ്പം വിദേശ മൂലധന നിക്ഷേപം പിൻവലിക്കാനും തുടങ്ങും. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കടപ്പത്ര വിപണിയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും കൂടുതൽ നിക്ഷേപം പിൻവലിക്കപ്പെടുമ്പോൾ രൂപയുടെ കാര്യം പരിതാപകരമാകും. 2012 ൽ 3500 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിൽ എത്തിയിട്ടും ഇതാണ് സ്ഥിതി. 
ഇപ്പോഴാകട്ടെ വിദേശ നിക്ഷേപത്തിൽ വരുന്ന കുറവ് ആശങ്കാജനകമാണ്. ഓഹരി വിപണിയിലെ നിക്ഷേപം കുത്തനെ കുറഞ്ഞതും രൂപയെ ബാധിക്കും. രാജ്യം മൊത്തം ഇറക്കുമതിയുടെ 45 ശതമാനവും ചെലവഴിക്കുന്നത് ക്രൂഡ് ഓയിലിനും സ്വർണത്തിനും വേണ്ടിയാണ്. കറണ്ട് അക്കൗണ്ട് സന്തുലിതാവസ്ഥ മെച്ചപ്പെടണമെങ്കിൽ കയറ്റുമതി വരുമാനവും വിദേശ നിക്ഷേപവും വൻ തോതിൽ വർധിക്കണം. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. വികസ്വര രാജ്യങ്ങളുടെ പൊതു സ്ഥിതിയാണ്. അതു കൊണ്ട് തന്നെ നരേന്ദ്ര മോഡി രൂപയുടെ വിലയിടിച്ചുവെന്ന് പറയുന്നതിൽ അർഥമില്ല. ബി.ജെ.പിക്ക് പകരം കോൺഗ്രസായിരുന്നു അധികാരത്തിലെങ്കിലും ഈ സ്ഥിതി വിശേഷം ഉണ്ടാകുമായിരുന്നു. 
ഈ അവസ്ഥയിൽ നിക്ഷേപങ്ങൾ കുറയും. ജനങ്ങൾ പലിശ കുറവായതു കാരണം നിക്ഷേപം നടത്തുന്നതിനു പകരം സാധനങ്ങൾ വാങ്ങി കൂട്ടും. ഇപ്പോൾ 76 രൂപക്ക് വിൽക്കുന്ന പെട്രോൾ 100 രൂപയിലെത്തിയാലും ഉപഭോഗം കുറയാൻ പോകുന്നില്ല. പണപ്പെരുപ്പം മൂലം സാധനങ്ങൾക്ക് വില കൂടും. കുറഞ്ഞ വിനിമയ നിരക്കിൽ കൂടുതൽ ഇന്ത്യൻ രൂപ നാട്ടിലെത്തിക്കുന്നതിൽ ആഹ്ലാദിക്കാൻ വകയില്ല. രാജ്യം വിദേശ നാണയ സമ്പാദ്യത്തിൽ താഴേക്ക് കൂപ്പ് കുത്തുകയാണ്. അതുകൊണ്ട് തന്നെ ഇറക്കുമതിക്ക് കൂടുതൽ ഡോളർ കണ്ടെത്തേണ്ടി വരും. ഇതുമൂലം സ്വാഭാവികമായും രൂപയുടെ മൂല്യം കുറയും. ഇതിൽ രാഷ്ട്രിയമില്ല. സാമ്പത്തിക ശാസ്ത്രം മാത്രമേയുള്ളു.  

Latest News