പറ്റ്‌ന - അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'രാഹുലായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖം' എന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴായണ് നിതീഷിന്റെ പ്രതികരണം.
ഉന്നത സ്ഥാനത്തിന് താൻ അവകാശവാദമുന്നയിക്കില്ലെന്ന് അഞ്ച് മാസം മുമ്പേ വ്യക്തമാക്കിയതാണെന്നും സംസ്ഥാനത്തെ സഖ്യകക്ഷിയായ കോൺഗ്രസുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികളെ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.