കണ്ണൂർ- മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ച അഭിഭാഷകനും, ഈ ആരോപണം പ്രക്ഷേപണം ചെയ്ത പ്രാദേശിക ചാനൽ പ്രവർത്തകർക്കുമെതിരെ കേസ്.
ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കണ്ണൂരിലെ അഭിഭാഷകനായ ടി.പി. ഹരീന്ദ്രനെതിരെയും, ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതിന്റെ പേരിൽ കണ്ണൂർ വിഷൻ ചാനൽ മേധാവി പ്രജേഷ് അച്ചാണ്ടിക്കും, റിപ്പോർട്ടർ മനോജ് മയ്യിലിനും എതിരെ ഐ.പി.സി. 153 വകുപ്പ് പ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി നിർദേശ പ്രകാരം സെക്രട്ടറിയും ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. കെ.എ. ലത്തീഫ് നൽകിയ പരാതിയിലാണ് തലശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംസ്ഥാനത്താകെ 16 പോലീസ് സ്‌റ്റേഷനുകളിൽ മുസ്്‌ലിം ലീഗ് പ്രവർത്തകരും ലോയേഴ്‌സ് ഫോറം ഭാരവാഹികളും ഇത് പോലെ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം വിവാദമായ ശേഷമുള്ള ആദ്യ കേസാണിത്.