റിയാദ് - സൗദി അറേബ്യയിലെ അന്നസ്‌റില്‍ ചേര്‍ന്നതോടെ ഒന്നരപ്പതിറ്റാണ്ടിലേറെയായി ലോകത്തിലെ മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് കരിയറില്‍ ഇനി പടിയിറക്കം. ലിയണല്‍ മെസ്സി ജീവിതാഭിലാഷമായ ലോകകപ്പ് ഉയര്‍ത്തി രണ്ടാഴ്ച പിന്നിടും മുമ്പാണ് റൊണാള്‍ഡൊ യൂറോപ്യന്‍ ഫുട്‌ബോളിന്റെ അതിതീവ്രത വിട്ട് ഏഷ്യന്‍ ഫുട്‌ബോളിന്റെ ആലസ്യം തേടുന്നത്. മെസ്സി അടുത്ത ബാലന്‍ഡോറും ഫിഫ ബഹുമതിയും നേടാന്‍ സാധ്യതയേറെയാണ്. റൊണാള്‍ഡോക്ക് ആ സാധ്യത അവസാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോളടിച്ച റൊണാള്‍ഡോയുടെ റെക്കോര്‍ഡും തുലാസിലാണ്. 2025 വരെ അന്നസ്‌റുമായി മുപ്പത്തേഴുകാരന് കരാറുണ്ട്.
അതേസമയം സൗദി ഫുട്‌ബോളിന് വലിയ നേട്ടമാവും ഈ കരാര്‍. സൗദി 2030 ലെ ലോകകപ്പിന്റെ സംയുക്താതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്. റൊണാള്‍ഡോക്കു പിന്നാലെ കൂടുതല്‍ പ്രമുഖ താരങ്ങള്‍ സൗദി ലീഗിലേക്കും അന്നസ്‌റിലേക്കും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെ കഴിഞ്ഞ വര്‍ഷം സൗദി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ അര്‍ജന്റീനയെ സൗദി തോ്ല്‍പിച്ചത് ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു.
റൊണാള്‍ഡോയുമായുള്ള കരാര്‍ ചരിത്രത്തിലേക്കുള്ള വഴിത്തിരിവാണെന്നാണ് അന്നസ്ര്‍ പ്രഖ്യാപിച്ചത്. ക്ലബ്ബിനെയും സൗദി ലീഗിനെയും മാത്രമല്ല രാജ്യത്തെയും ഭാവി തലമുറയെയും പ്രചോദിപ്പിക്കുന്ന തീരുമാനമാണ് ഇതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ നേടാണ്ടതെല്ലാം നേടിയെന്നും ഇനി ഏഷ്യന്‍ ഫുട്‌ബോളില്‍ തന്റെ അനുഭവസമ്പത്ത് പങ്കുവെക്കാനുള്ള സമയമാണെന്നും റൊണാള്‍ഡൊ പറഞ്ഞു.
വര്‍ഷം 20 കോടി ഡോളറിലേറെ (1650 കോടിയോളം രൂപ) റൊണാള്‍ഡോക്ക് ലഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിസ്സംശയം ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമാവും റൊണാള്‍ഡൊ. യുവന്റസില്‍ റൊണാള്‍ഡോയുടെ പ്രതിഫലം 3.1 കോടി യൂറോയായിരുന്നു (275 കോടി രൂപ). അത് വെട്ടിക്കുറക്കാന്‍ സമ്മതിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറിയത്.
വലിയ സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുമെങ്കിലും കരിയറില്‍ പുതിയ ഉയരങ്ങള്‍ റൊണാള്‍ഡോക്ക് ഇനി പ്രതീക്ഷിക്കാനില്ല. ചരിത്രത്തിലാദ്യമായാണ് എലീറ്റ് ക്ലബ്ബ് ഫുട്‌ബോളിന് പുറത്ത് റൊണാള്‍ഡൊ കളിക്കുക. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോക്ക് 140 ഗോളുണ്ട്. 129 ഗോളടിച്ച മെസ്സി ആ റെക്കോര്‍ഡ് മറികടക്കുമെന്ന് ഏതാണ്ടുറപ്പാണ്. ബാഴ്‌സലോണയുമൊത്ത് നാലു തവണ മെസ്സി ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മഡ്രീഡിലുമായി റൊണാള്‍ഡോക്ക് അഞ്ച് ചാമ്പ്യന്‍സ് ലീഗുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഒരു ക്ലബ്ബില്‍ ചേക്കേറുകയായിരുന്നു റൊണാള്‍ഡോയുടെ പ്രഥമ ലക്ഷ്യം. ആരും താല്‍പര്യം കാണിച്ചില്ലെന്നു മാത്രം. അഞ്ച് ലോകകപ്പില്‍ ഗോളടിച്ച ഒരേയൊരു കളിക്കാരനായി ഖത്തറില്‍ റൊണാള്‍ഡൊ. പക്ഷെ നാണക്കേടിലാണ് അവസാന ലോകകപ്പ് അവസാനിച്ചത്. അതേസമയം മെസ്സി അര്‍ജന്റീനയെ കിരീടത്തിലേക്ക് ചുമലിലേറ്റി. പെലെയുടെയും മറഡോണയുടെയും തലത്തിലേക്ക് മെസ്സി ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് റൊണാള്‍ഡൊ യൂറോപ്യന്‍ ഫുട്‌ബോളിന് അനഭിമതനാവുന്നത്.