Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റിയാനോയുടെ അൽനസ്ർ ജഴ്‌സി പുറത്തിറങ്ങി, വാങ്ങാൻ ആരാധകർ

ജിദ്ദ- ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസ്്‌റിന് വേണ്ടി കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചതിന് തൊട്ടുപിറകെ ക്രിസ്റ്റ്യാനോ ധരിക്കുന്ന ഏഴാം നമ്പർ ജഴ്‌സിക്ക് വേണ്ടി ആരാധകരുടെ തിരക്ക്. അൽനസ്ർ ക്ലബ്ബിലും ക്രിസ്റ്റ്യാനോ ധരിക്കുന്ന ഏഴാം നമ്പർ ജഴ്‌സി പുറത്തിറങ്ങി. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലെ വിവിധ ഷോപ്പുകളിൽ ജഴ്‌സി ലഭ്യമാണ്. നിരവധി പേരാണ് ജഴ്‌സി വാങ്ങാനെത്തുന്നത്. 
അൽനസ്ർ ക്ലബ്ബുമായി ക്രിസ്റ്റ്യാനോ കരാർ ഒപ്പുവെച്ചതോടെ ക്ലബ്ബിന് സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണ കുതിച്ചുയർന്നിരുന്നു. സൗദി കായികമന്ത്രി അടക്കമുള്ളവർ റൊണാൾഡോയെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.  സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും മൂല്യമേറിയ ലോക ഫുട്‌ബോൾ താരം ഒരു സൗദി ക്ലബ്ബിനു വേണ്ടി ജഴ്‌സി അണിയുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമായി അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ട റൊണാൾഡോ 2025 വരെ അൽനസ്ർ ക്ലബ്ബിനു വേണ്ടി കളിക്കളത്തിലിറങ്ങും. 
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ സൗദി അറേബ്യയിൽ തന്റെ കരിയർ  ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്‌പോർട്‌സ് മന്ത്രി ട്വീറ്റ് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദിയിലേക്ക് സ്വാഗതം -മന്ത്രി പറഞ്ഞു. ലോക ഫുട്‌ബോൾ താരങ്ങളുമായി സമാന കരാറുകൾ ഒപ്പുവെക്കാൻ മറ്റു സൗദി ക്ലബ്ബുകൾക്കും വൈകാതെ പിന്തുണ നൽകുമെന്നും സ്‌പോർട്‌സ് മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബറിൽ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ റദ്ദാക്കിയ ശേഷം റൊണാൾഡോ ഒരു ക്ലബ്ബിന്റെയും ഭാഗമായിരുന്നില്ല. 
അൽനസ്ർ ക്ലബ്ബ് ഡയറക്ടർ ബോർഡ് പ്രസിഡന്റ് മുസല്ലി ആലുമുഅമ്മർ ആണ് 2025 വരെയുള്ള കാലത്തേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാർ ഒപ്പുവെച്ചത്. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിലായിരുന്നു കരാർ ഒപ്പുവെക്കൽ ചടങ്ങ്. റൊണാൾഡോ ഏഴാം നമ്പർ ജഴ്‌സി അണിയുമെന്നും ട്വിറ്ററിലെ ഒഫീഷ്യൽ പേജിൽ അൽനസ്ർ ക്ലബ്ബ് കുറിച്ചു. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാറാണ് അൽനസ്ർ ക്ലബ്ബ് ഒപ്പുവെച്ചത്. 2025 വേനൽക്കാലം വരെ കരാർ തുടരും. 
മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്‌ബോൾ ലീഗ് അനുഭവിക്കാൻ ഞാൻ ആവേശഭരിതനാണെന്ന് കരാർ ഒപ്പുവെച്ച ശേഷം റൊണാൾഡോ പറഞ്ഞു. അൽനസ്ർ ക്ലബ്ബിന്റെ കാഴ്ചപ്പാട് വളരെ പ്രചോദനകരമാണ്. എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിലും ടീമിനെ കൂടുതൽ വിജയങ്ങൾ നേടാൻ സഹായിക്കുന്നതിലും ഞാൻ ആവേശഭരിതനാണ് -റൊണാൾഡോ പറഞ്ഞു.
ഈ കരാർ ഒരു പുതിയ ചരിത്ര അധ്യായം എഴുതുന്നതിനേക്കാൾ മഹത്തരമാണ്. ഈ കളിക്കാരൻ ലോകത്തിലെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും ഒരു ഉയർന്ന മാതൃകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ അൽനസ്ർ ക്ലബ്ബിനും സൗദി കായികലോകത്തിനും വരുംതലമുറക്കും കൂടുതൽ വിജയങ്ങൾ നേടാൻ സാധിക്കും - അൽനസ്ർ ക്ലബ്ബ് പ്രസിഡന്റ് മുസല്ലി ആലുമുഅമ്മർ പറഞ്ഞു. പോർച്ചുഗലിനൊപ്പം 2016 ലെ യൂറോപ്യൻ കപ്പും 2019 ലെ യൂറോപ്യൻ നേഷൻസ് ലീഗും റൊണാൾഡോ നേടിയിരുന്നു. റയൽ മാഡ്രിഡിനൊപ്പം നാലെണ്ണം ഉൾപ്പെടെ അഞ്ചു യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റൊണാൾഡോ നേടിയിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്‌കോററായ റൊണാൾഡോയുടെ സാന്നിധ്യം അൽനസ്ർ ക്ലബ്ബിന് വലിയ സാങ്കേതിക, വിപണന മൂല്യം നൽകും. സ്‌പോർട്ടിംഗ് ലിസ്ബൺ, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകൾക്കു വേണ്ടി മുമ്പ് ജഴ്‌സികളിഞ്ഞ റൊണാൾഡോയുടെ യൂറോപ്പിനു പുറത്തുള്ള ആദ്യ കളിയനുഭവമായിരിക്കും അൽനസ്ർ ക്ലബ്ബുമായുള്ളത്. 

Tags

Latest News