ഹാരി-മേഗൻ വിവാഹം ആഘോഷമാക്കി ബ്രിട്ടൻ
വിൻസർ- ബ്രിട്ടനിലെ വിൻസർ കൊട്ടാരത്തിൽ ഒരുക്കിയ താരനിബിഡമായ ചടങ്ങിൽ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേഗൻ മാർക്കിളും വിവാഹിതരായി. പാരമ്പര്യവും ആധുനികതയും സമ്മേളിച്ച വിവാഹാഘോഷം ലോകത്തെമ്പാടുമുള്ളവർ തത്സമയം കണ്ടു. യു.എസ് ടി.വി താരത്തെ ബ്രിട്ടീഷ് രാജകുടുംബം സ്വീകരിക്കുന്ന വികാരനിർഭര ചടങ്ങായി മാറി വിവാഹം. എലിസബത്ത് രാജ്ഞിയും രാജകുടുംബാംഗങ്ങളും ആഘോഷമാക്കിയ വിവാഹത്തനു സാക്ഷ്യം വഹിക്കാൻ ഓപ്ര വിൻഫ്രേ, എൽട്ടൺ ജോൺ, ജോർജ് ക്ലൂണി, ഡേവിഡ് ബെക്കാം തുടങ്ങി വിവിധ മേഖലകളിലെ താരപ്പട തന്നെ എത്തി. ഒരു ലക്ഷത്തോളം പേരാണ് വിൻസർ തെരുവുകളിൽ അണിനിരന്നത്.
വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലായിരുന്നു വിവാഹം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി.
ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു മേഗനെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. ബ്രിട്ടിഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലർ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗൻ മാർക്കിൾ വിവാഹത്തിനെത്തിയത്. എലിസബത്ത് രാജ്ഞിയും ഭർത്താവും ഡ്യൂക്ക് ഓഫ് എഡിൻബറോയുമായ ഫിലിപ്പ് രാജകുമാരനും വിവാഹത്തിൽ സംബന്ധിച്ചു. അടുത്തിടെ ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിലിപ്പ് രാജകുമാരൻ വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഹാരിയുടെ വിവാഹം. എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസ്സായ ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹ തീരുമാനം പരസ്യമാക്കിയത്.