Sorry, you need to enable JavaScript to visit this website.

ഒറ്റയ്ക്ക് എത്രകാലം? വാതിലുകൾ തുറന്ന് കോൺഗ്രസ്; ചർച്ച നിഷേധിച്ച് ഗുലാം നബി ആസാദ്

ശ്രീനഗർ / ന്യൂദൽഹി - കോൺഗ്രസ് വിട്ട മുതിർന്ന മുൻ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് കോൺഗ്രസിലേക്കു തിരികെയെത്തുമോ? കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തുമ്പോൾ ജാഥാനായകനോടൊപ്പം ചേരാൻ ആസാദ് മനസ്സ് പാകപ്പെടുത്തുമോ എന്നതിൽ തീർപ്പു പറയാറായില്ലെങ്കിലും കോൺഗ്രസ് നേതൃത്വം ആസാദിനെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ്. 
 എന്നാൽ, താൻ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ നിഷേധിക്കുകയാണ് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ അധ്യക്ഷനായ ഗുലാം നബി ആസാദ്. എ.എൻ.ഐ വാർത്ത കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ദൗർഭാഗ്യവശാൽ ചില കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഇത്തരം കഥകൾ മെനയുന്നുണ്ട്. ഇത് തന്റെ പാർട്ടിയിലെ നേതാക്കളുടേയും അനുഭാവികളുടെയും മനോവീര്യം തകർക്കാനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
 ഗുലാം നബി ആസാദുമായി ചർച്ച നടത്താൻ മുതിർന്ന മൂന്ന് നേതാക്കളെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചതായാണ് വിവരം. ആസാദ് പാർട്ടിയിലെ ചില ജനകീയ മുഖങ്ങൾക്കൊപ്പം നൂറുകണക്കിന് അണികൾ ഈയിടെ ഗുലാം നബി ആസാദിനെ വിട്ടത് അദ്ദേഹത്തിൽ കടുത്ത ആലോചനകൾക്ക് ഇടയാക്കിയതായാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ.
 രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിക്കെതിരെയും കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങൾക്കെതിരെയും കടുത്ത വിമർശങ്ങൾ തൊടുത്തെങ്കിലും ഗുലാം നബിയെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഗാന്ധി കുടുംബത്തിന് താൽപര്യമുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദർ സിങ് ഹൂഡ, അംബികാ സോണി എന്നിവരെ കോൺഗ്രസ് നേതൃത്വം ചർച്ചയ്ക്കായി നിയോഗിച്ചുവെന്നാണ് രാജ്യതലസ്ഥാനത്തുനിന്നുള്ള വാർത്തകൾ. 
 ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ അംബികാ സോണിക്ക് ആസാദുമായും അടുത്ത രാഷ്ട്രീയ ബന്ധമുണ്ട്. തന്റെ പഴയ ആത്മസുഹൃത്തുക്കളായ ജി23ലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുമായും ആസാദിന് ഇപ്പോഴും നല്ല ബന്ധമാണ്. തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആസാദ് ഇവരുമായി സംസാരിച്ചതായും സൂചനയുണ്ട്. അതിനിടെ, ആസാദിനൊപ്പം കോൺഗ്രസ് വിട്ട് കൂടെ വന്ന മുതിർന്ന ചില നേതാക്കൾ ഈയിടെ ആസാദ് ക്യാമ്പ് വിട്ടതും പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയുമെല്ലാം ഈ ചർച്ചയെ കൂടുതൽ ജീവസുറ്റതാക്കിയതായും പറയുന്നു.

 കോൺഗ്രസുമായുള്ള അഞ്ചു പതിറ്റാണ്ടിലേറെക്കാലമായുള്ള ബന്ധം അവസാനിപ്പിച്ച് ആഗസ്ത് 26നാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. ശേഷം സെപ്തംബറിൽ ജമ്മുകശ്മീർ കേന്ദ്രീകരിച്ച് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡി.എ.പി) എന്ന പുതിയ പാർട്ടി അദ്ദേഹം രൂപീകരിക്കുകയായിരുന്നു. കോൺഗ്രസിന്റെ നയത്തോടല്ല, മറിച്ച് അതിന്റെ ദുർബലമായ സംഘടനാ സംവിധാനത്തോടാണ് തനിക്ക് എതിർപ്പെന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനെ കഴിയൂവെന്നും അദ്ദേഹം ഈയിടെ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കൺവീനറും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ കോൺഗ്രസിലേക്ക് വരുന്നോ എന്ന് സ്‌നേഹപൂർവ്വം ക്ഷണിക്കുകയുമുണ്ടായി. ഇതോട് പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കശ്മീരിലെത്തുന്ന യാത്രയിലേക്ക് കോൺഗ്രസ് മാധ്യമവിഭാഗം മേധാവിയും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശും ഗുലാം നബിയെ വീണ്ടും ക്ഷണിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിൽ ഗുലാം നബി പങ്കെടുക്കുന്ന പക്ഷം തുടർ ചർച്ചകളിലൂടെ സമീപ ഭാവിയിൽതന്നെ അദ്ദേഹത്തെ കോൺഗ്രസിലെത്തിക്കാമെന്നാണ് കണക്കൂകൂട്ടൽ.
  ആസാദ് പാർട്ടി വൈസ് ചെയർമാനും ജമ്മു കശ്മീർ മുൻ സ്പീക്കറും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന താരാ ചന്ദ്, മുൻ മന്ത്രി ഭൽവൻ സിങ്, മുൻ എം.എൽ.എ ഡോ. മനോഹർ ലാൽ ശർമ്മ എന്നി ജനകീയ മുഖങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഡി.എ.പിയിൽനിന്ന് ഈയിടെ ആസാദ് പുറത്താക്കിയത് പാർട്ടിയിൽ വലിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ നൂറുകണക്കിന് പ്രവർത്തകർ ആസാദ് പാർട്ടി വിട്ടത് ഗുലാം നബിക്ക് വലിയ പ്രഹരമായിട്ടുണ്ട്. ഇവർ കോൺഗ്രസിലേക്കു തന്നെ മടങ്ങാനാണ് ആഗ്രഹിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗുണമാവുന്നതിന് വേണ്ടി മതേതര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ വിഭജിക്കുന്ന തരത്തിലാണ് ആസാദിന്റെ പ്രവർത്തനമെന്നാണ് ഇവരുടെ ആരോപണം. ബി.ജെ.പിയിൽ ചേരാനാഗ്രഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന് പകരമാണ് ഇങ്ങനെ ചെയ്യുന്നതെന്നും പുറത്തുപോയവർ ആസാദിനെ വിമർശിക്കുന്നു. ബി.ജെ.പിയുടെ മറ്റൊരു ബ്രാഞ്ചായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി അതിനുള്ളിലെ തർക്കം കാരണം തകരുകയാണെന്നും, മതേതര മനസ്സുള്ളവർക്കായി കോൺഗ്രസിന്റെ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ പി.സി.സി അധ്യക്ഷൻ വികാർ റസൂൽ വാണിയും പ്രതികരിച്ചു.
 ആദ്യ ഘട്ടത്തിൽ വാർത്തകളെല്ലാം നിഷേധിച്ചാലും ആസാദിന് കോൺഗ്രസിലെത്താതെ തന്റെ പഴയ രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കാനാവില്ലെന്നാണ് ജമ്മു കശ്മീരിലെയും ദേശീയ രാഷ്ട്രീയത്തിലെയും ചുവടുകൾ നിരീക്ഷിക്കുന്നവർ പറയുന്നത്.

Latest News