മഞ്ചേരി-പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി എണ്‍പതു വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി താണിപ്പാറ കതകഞ്ചേരി വീട്ടില്‍ നൗഫല്‍ എന്ന മുന്ന (39)യെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അതിജീവിതയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ്. കുട്ടിയുടെ വീട്ടിലേക്കു രാത്രി അതിക്രമിച്ചു കയറിയാണ് ആദ്യം പ്രതി കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പിന്നീട് പലതവണ ആവര്‍ത്തിച്ചു. മറ്റൊരു ദിവസം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു. പകല്‍ സമയങ്ങളില്‍ കുട്ടി അസാധാരണമായി ഉറങ്ങുന്നതും പലപ്പോഴും തനിച്ചിരുന്ന് ആലോചനയില്‍ മുഴുകുന്നതും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാതാവ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മഞ്ചേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.പി അഭിലാഷാണ് 2021 ജൂണ്‍ ആറിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തിയതും. പിന്നീട് പോലീസ് ഇന്‍സ്പെക്ടറായി എത്തിയ സി. അലവി തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമം 449 വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റകൃത്യത്തിനായി വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പത്തുവര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴടയക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, 366 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോയതിനു പത്തുവര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരുമാസത്തെ അധിക തടവ്, പോക്സോ വകുപ്പിലെ 5(എല്‍) പ്രകാരം കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതിന് 20 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, 5(ഐ) വകുപ്പ് പ്രകാരം കുട്ടിയെ പരിക്കേല്‍പ്പിച്ചതിന് 20 വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, 5(എം) വകുപ്പ് പ്രകാരം 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ ഹാജരായി.
പ്രതി പിഴയൊടുക്കുന്ന പക്ഷം തുക മുഴുവന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. മാത്രമല്ല പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്‍കി.