Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് 474 കോവിഡ് കേസുകൾ; 60 വയസ്സ് കഴിഞ്ഞവർ കരുതൽ ഡോസെടുക്കണമെന്ന് നിർദേശം

- പുതിയ വൈറസ് വകഭേദത്തിന് വലിയ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം - സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ എടുക്കണമെന്ന് നിർദേശം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം. 
 പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 സംസ്ഥാനത്ത് ഇപ്പോൾ ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് യോഗത്തിൽ പറഞ്ഞു. നിലവില് 474 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. ഇതിൽ 13 പേർ ഐ.സി.യുവിലാണ്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പി.പി.ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. വാക്‌സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് നിർത്തിയ കോവിഡ് മോണിറ്ററിംഗ് സെൽ വീണ്ടും പുനരാരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കലക്ടർമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News