കോഴിക്കോട്- ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുത്ത മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുജാഹിദ് നേതാക്കള്‍ക്ക് ഉപദേശവുമായി വീണ്ടും ഇടതു നേതാക്കള്‍. ഉദ്ഘാടന ദിവസം സി.പി.ഐ നേതാവ് ബിനോയ് വിശ്വം ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളക്ക് നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. മന്ത്രി പി.രാജീവനും ജോണ്‍ ബ്രിട്ടാസ് എം.പിയുമാണ് വെള്ളിയാഴ്ച സമ്മേളനത്തില്‍ ഉപദേശം തുടര്‍ന്നത്.
ബി.ജെ.പി മുസ്‌ലിംകളെ ബോധപൂര്‍വം ബുദ്ധിമുട്ടിക്കുന്നില്ലെന്നുള്ളത് ഈ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന വര്‍ത്തമാനമാണെന്ന കാര്യം തിരിച്ചറിയണമെന്ന് മന്ത്രി. പി.രാജീവ് പറഞ്ഞപ്പോള്‍ ആര്‍.എസ് എസുകാരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന താല്‍പര്യം നിങ്ങളെ ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി നേതൃത്വം കാണിക്കുമോ എന്ന ചോദ്യം മുജാഹിദ് നേതാക്കള്‍ സംഘ്പരിവാര്‍ നേതൃത്വത്തോട് ഉന്നയിക്കണമെന്ന ഉപദേശമാണ് ജോണ്‍ ബ്രിട്ടാസ് നല്‍കിയത്. ആര്‍.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരം മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മുജാഹിദ് ലീഡര്‍ഷിപ്പ് വിചാരിക്കുന്നുണ്ടോയെന്ന് ജോണ്‍ ബ്രിട്്‌സ് ചോദിച്ചു.
വ്യാഴാഴ്ച, സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് നടന്ന പ്രത്യേക സെഷനിലാണ് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്ന നിലവില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്തത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ തുടക്കത്തിലും അവസാനത്തിലും പ്രോട്ടോകോള്‍ പ്രകാരം ദേശീയ ഗാനത്തോടെയായിരുന്നു തുടങ്ങിയത്. ഇതിനു ശേഷമായിരുന്നു സമ്മേളനത്തിന്റെ ഔപചാരികോദ്ഘാടനം. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മുജാഹിദ് സമ്മേളനം ദേശീയ ഗാനത്തോടെ തുടങ്ങിയെന്ന രീതിയില്‍ നവ മാധ്യമങ്ങളിലും മറ്റും ഇത് വൈറലായി.
ശ്രീധരന്‍ പിള്ളയോടൊപ്പം കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്നലെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട തായിരുന്നു. പക്ഷേ തിരുവനന്തപുരത്തായതിനാല്‍ വി.മുരളീധരന്‍ ഇന്നലെ സമ്മേളനത്തിനെത്തിയിരുന്നില്ല. അടുത്ത ദിവസം മുരളീധരനും പങ്കെടുക്കുമെന്നാണ് കരുതുന്നത്.