Sorry, you need to enable JavaScript to visit this website.

വിശദീകരണവുമായി ഇ.പി; അനധികൃതമല്ല, ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം - അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി ജയരാജന്റെ മറുപടി പുറത്ത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപം ഇല്ലെന്നാണ് ഇ.പി ജയരാജൻ ഇന്ന് പാർട്ടി സെക്രട്ടേറിയറ്റിൽ നൽകിയ വിശദീകരണം. ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുണ്ടെങ്കിലും അത് അനധികൃതമല്ലെന്നും അദ്ദേഹം അറിയിച്ചു. 
 വൈദേകം റിസോർട്ടുമായി തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തനിക്ക് അതിൽ നിക്ഷേപവുമില്ല. നിലവിലുള്ള ഓഹരി ഘടനയും ഇ.പി  സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ചു. കുടുംബത്തിന്റെ നിക്ഷേപം അനധികൃതമല്ല. ഇരുവർക്കും പാർട്ടിയിൽ ഔദ്യോഗിക പദവികളില്ലാത്തതിനാൽ നിക്ഷേപം പാർട്ടിയെ അറിയിച്ചിട്ടില്ല എന്നത് സത്യമാണ്. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് മകൻ നിക്ഷേപിച്ചത്. മകന്റെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാർട്ടിക്ക് നല്കിയിട്ടുണ്ടെന്നും ഭാര്യയുടെ റിട്ടയർമെന്റ് ആനുകൂല്യം ലഭിച്ചപ്പോൾ അതാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ജയരാജൻ വിശദീകരിച്ചു. 
 കഴിഞ്ഞ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ മുതിർന്ന അംഗം പി ജയരാജനാണ് ഇ.പിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ആരോപണം എഴുതിത്തന്നാൽ അന്വേഷിക്കുമെന്ന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞെങ്കിലും ഇതുവരെയും പരാതി എഴുതി നൽകിയതായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. സാമ്പത്തിക ആരോപണത്തിൽ തത്കാലം അന്വേഷണം വേണ്ടെന്നാണ് ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. 
 ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറിയതോടെ വിവാദം തണുപ്പിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് സി.പി.എം നേതൃത്വം. ഇ.പിയെക്കുറിച്ച് അന്വേഷണം വന്നാൽ അത് മറ്റു പല നേതാക്കൾക്കും ഭാവിയിൽ കുരുക്കാവുമെന്നും പാർട്ടിയിലെ അനാരോഗ്യകരമായ വിഭാഗീയതയിലേക്ക് പോകുമോ എന്നും ചിലർ ഭയക്കുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ ജീർണതകളെ മൂടിപ്പുതപ്പിക്കുകയല്ല, തെറ്റുതിരുത്തൽ നടപടികളിലൂടെ ശുദ്ധീകരണ കലശം നടക്കണമെന്നാണ് പാർട്ടിയെ സ്‌നേഹിക്കുന്ന, ഗ്രൂപ്പുകൾക്കും വിഭാഗീയതകൾക്കും അതീതമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പ്രവർത്തകരുടെയും ആഗ്രഹം. അത്തരം ശുദ്ധീകരണ പ്രക്രിയയിലേക്ക് കാര്യങ്ങൾ എത്തിയില്ലെങ്കിൽ ഭാവിയിൽ പാർട്ടിക്കു കനത്ത വില നൽകേണ്ടിവരുമെന്നും ഇവർ ഓർമിപ്പിക്കുന്നു.

Latest News