ദമാസ്‌കസ് - കിഴക്കന്‍ സിറിയയില്‍ എണ്ണപ്പാട തൊഴിലാളികളെ ലക്ഷ്യമിട്ടുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദൈര്‍ അല്‍സൂര്‍ പ്രവിശ്യയിലെ അല്‍തമീം എണ്ണപ്പാടത്തു നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച മൂന്നു ബസുകള്‍ ലക്ഷ്യമിട്ടാണ് ഭീകരാക്രമണമുണ്ടായത്. ഐ.എസ് ഭീകര സംഘമാണ് എണ്ണപ്പാടത്തിനു സമീപം വെച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം.
തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ കടന്നുപോകുന്നതിനിടെ ബോംബ് സ്‌ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചത്. ബോംബ് സ്‌ഫോടനത്തിനു പിന്നാലെ ബസുകളിലെ തൊഴിലാളികള്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു.
ഐ.എസ് ഭീകരര്‍ക്കു നേരെ തങ്ങള്‍ ആക്രമണം ആരംഭിച്ചതായി വ്യാഴാഴ്ച കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പറഞ്ഞിരുന്നു. ഇന്നലെ ബസിനു നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് വടക്കുപടിഞ്ഞാറ് റഖയില്‍ ജയിലിനു നേരെ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഭീകരര്‍ക്കു നേരെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ആക്രമണം ആരംഭിച്ചത്. വൈകാതെ എണ്ണപ്പാട തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍ ബോംബാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു.
സമീപ കാലത്തെ ഭീകരാക്രമണങ്ങള്‍ക്ക് താവളമാക്കിയ പ്രദേശങ്ങളില്‍ നിന്ന് ഐ.എസ് ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ അല്‍ജസീറ തണ്ടര്‍ബോള്‍ട്ട് എന്ന് പേരിട്ട ആക്രമണത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് തുടക്കമിട്ടത്. റഖ ജയില്‍ ആക്രമണത്തിനു പുറമെ സമീപ കാലത്ത് ദൈര്‍ അല്‍സൂര്‍ ഏരിയയില്‍ ഐ.എസ് ഭീകരര്‍ എട്ടു ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പ്രസ്താവനയില്‍ പറഞ്ഞു.
2014 ല്‍ ഇറാഖിലും സിറിയയിലും ഉദയം ചെയ്ത ശേഷം സിറിയയിലെ തങ്ങളുടെ മുന്‍ തലസ്ഥാനമായ റഖയിലെ ജയിലില്‍ തടവിലാക്കപ്പെട്ട തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറു കുര്‍ദിഷ് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഖിലാഫത്ത് അവസാനിച്ചെങ്കിലും ഗ്രൂപ്പുകളായി അവശേഷിക്കുന്ന ഐ.എസ് ഭീകരര്‍ ഇറാഖിലും സിറിയയിലും ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നുണ്ട്.