ന്യൂദൽഹി -കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നതിനായി ഗവർണർ നിയോഗിച്ച ബി.ജെ.പി എം.എൽ.എ കെ.ഡി ബൊപ്പയ്യയെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. അതേസമയം നാലു മണിക്കു നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ലൈവായി ടെലികാസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. വോട്ടെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ മികച്ച മാർഗം തത്സമയ ടെലികാസ്റ്റ് ആണെന്ന് കോടതി പറഞ്ഞു. 2010ൽ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ യെദ്യൂരപ്പയെ സഹായിച്ചയാളാണ് ബൊപ്പയ്യ എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
ബൊപ്പയ്യയെ പ്രൊട്ടെം സ്പീക്കറായി നിയമിച്ച ഗവർണറുടെ ഉത്തരവ് പുനപ്പരിശോധിക്കാൻ തയാറാണ്. പക്ഷെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ഇതോടെ കോൺഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും പാർട്ടി നേതാവുമായ കപിൽ സിബൽ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്‌ക്കേണ്ടതില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. തത്സമയം ടെലികാസ്റ്റ് ചെയ്യണമെന്ന് കോടതി പറഞ്ഞതോടെ മറുവാദങ്ങൾ അവസാനിപ്പിച്ചു. ഇതോടെ ഹരജി കോടതി തള്ളുകയായിരുന്നു.