മെല്‍ബണ്‍- ന്യൂസിലാന്‍ഡില്‍ ഒരു യുവതി ഹൃദയശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തന്റെ ആദ്യ ഹൃദയം ഒരു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കുകയാണ്. ടിക്ക് ടോക്കില്‍ സജീവമായ യുവതി തന്റെ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് കാര്യം വെളിപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്.
ന്യൂസിലാന്‍ഡ് സ്വദേശിയായ ജെസിക മാനിംഗ് എന്ന 29 കാരിയാണ് ഇത്തരത്തില്‍ തന്റെ പഴയ ഹൃദയം പ്ലാസ്റ്റിക് കവറിനുള്ളില്‍ ആക്കി സൂക്ഷിച്ചിരിക്കുന്നത്. ജന്മനാ തന്നെ നിരവധി ഹൃദയ വൈകല്യങ്ങള്‍ ജെസികയെ അലട്ടിയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളാല്‍ വലഞ്ഞ് തന്റെ ബാല്യ കൗമാരങ്ങളില്‍ അധികസമയവും അവള്‍ ചെലവഴിച്ചിരുന്നത് ആശുപത്രിയിലായിരുന്നു. വിജയകരമായ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പായി 200 ചെറുതും വലുതുമായ മറ്റ് ഹൃദയ ശസ്ത്രക്രിയകളാണ് അവളില്‍ നടത്തിയത്. മൂന്നു വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ രണ്ടുതവണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ നടത്തി.
ഹൃദയം മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നിരവധി തവണ നടത്തിയിരുന്നെങ്കിലും 25 ാമത്തെ വയസ്സിലാണ് അവള്‍ക്ക് യോജിച്ച ഒരു ഡോണറെ കിട്ടിയത്. ആ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചതോടെ ജെസിക അവള്‍ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ, തന്റെ രണ്ടാം ജന്മത്തില്‍ അവള്‍ക്ക് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതില്‍ അധികം കടപ്പാടുള്ളത് തനിക്ക് ഹൃദയം നല്‍കിയ ഡോണറോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആണ്.
ആ വ്യക്തിയോടുള്ള നന്ദി സൂചകമായി തന്നെയാണ് തന്റെ പഴയ ഹൃദയം ഇപ്പോഴും താന്‍ സൂക്ഷിക്കുന്നത് എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. താന്‍ സ്വന്തമായി ഒരു വീട് നിര്‍മ്മിച്ചു കഴിയുമ്പോള്‍ അതിനടുത്തായി ആ ഹൃദയം കുഴിച്ചിട്ട് അതിനുമുകളില്‍ ഒരു വൃക്ഷത്തൈ നടുമെന്നാണ് ജെസിക പറയുന്നത്. അതിലൂടെ തനിക്ക് ഹൃദയം നല്‍കിയ വ്യക്തിയുടെ ഓര്‍മ്മകളും എപ്പോഴും തന്നോട് കൂടി ജീവിക്കും-ജെസിക വ്യക്തമാക്കി.