ബംഗളുരു- കര്‍ണാടകയില്‍ വിശ്വാസ വോട്ടെുപ്പ് ഇന്ന് വൈകുന്നേരം നാലു മണിക്കു നടക്കും. കോടികളും മന്ത്രി പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുവാരാന്‍ ബിജെപി നടത്തിയ ശ്രമങ്ങളെല്ലാം പരസ്യമായതോടെ ഇനി സമുദായ കാര്‍ഡിറക്കി യെദിയൂരപ്പ അധികാരം നിലനിര്‍ത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇതോടെ ലിങ്കായത്ത് സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസിന്റെ 18 എംഎല്‍എമാരും ജെഡിഎസിന്റെ രണ്ടു എംഎല്‍എമാരും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ഭാവിയും സമുദായത്തിന്റെ പ്രതിഷേധവും കണക്കിലെടുത്ത് പ്രതിപക്ഷ ക്യാമ്പിലെ ലിങ്കായത്ത് എംഎല്‍എമാര്‍ പ്രമുഖ ലിങ്കായത്ത് നേതാവായ യെദിയൂരപ്പയെ അനൂകൂലിച്ച് ക്രോസ് വോട്ട് ചെയ്യുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ലിങ്കായത്ത് സമുദായത്തെ പ്രത്യേക ന്യൂനപക്ഷ മതമായി അംഗീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അമര്‍ഷമുള്ള ഏതാനും ലിങ്കായത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമായാണ് ന്യൂനപക്ഷ പദവിയെ ഇവര്‍ കാണുന്നത്. ഇതിനു പുറമെ ലിങ്കായത്ത് വിരുദ്ധ പാര്‍ട്ടിയെന്ന് വിശേഷണമുള്ള ജെഡിഎസിനൊപ്പം കോണ്‍ഗ്രസ് കൈകോര്‍ക്കുക കൂടി ചെയ്തതോടെ ഏതാനും എംഎല്‍എമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇവര്‍ ബിജെപിക്ക് അനൂകൂലമായി വോട്ടു ചെയ്യുമെന്ന് ഒരു ബിജെപി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ലിങ്കായത്ത് നേതാവായ് യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞെന്ന പഴികേള്‍ക്കാനും ഇവര്‍ ഒരുക്കമല്ലെന്നും സമുദായം നേതാവായി കാണുന്ന ആളാണ് യെദിയൂരപ്പയെന്നും ഒരു ബിജെപി എംഎല്‍എ പറയുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാരോട് മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നത്. ഇത് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ലിങ്കായത്ത് എംഎല്‍എമാരെ വശീകരിക്കാന്‍ ഉന്നമിട്ടുള്ളതായിരുന്നുവെന്നും ബിജെപി നേതാവ് പറയുന്നു.
യെദിയൂരപ്പയുടെ പരാജയം ലിങ്കായത്ത് വോട്ടുകളെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ ഒന്നിപ്പിക്കുമെന്നു വടക്കന്‍ കര്‍ണാടകയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിനു പുറമെ സംസ്ഥാനത്ത് ഒരു ഇടക്കാല തെരഞ്ഞെടുപ്പിനുളള സാധ്യതയും തള്ളിക്കളയാനാവില്ല. വിശ്വാസ വോട്ടെടുപ്പു നടക്കുമ്പോള്‍ ഈ ഘടകങ്ങളെല്ലാം നിര്‍ണായകമാകുമെന്നും ബിജെപി നേതാവ് പറഞ്ഞു.