ചോദ്യം: എനിക്ക് രണ്ടു മാസത്തെ എക്‌സിറ്റ് റീഎൻട്രി വിസ ലഭിച്ചിട്ടുണ്ട്. അത് ഇതുവരെ ഉപയോഗിച്ചിട്ടില്ല. നാട്ടിലേക്കു പോകുന്നതിനു മുൻപ് എക്‌സിറ്റ് റീഎൻട്രി ഒരു മാസം കൂടി നീട്ടാൻ ആഗ്രഹിക്കുന്നു. സ്‌പോൺസറോട് പറഞ്ഞതു പ്രകാരം അദ്ദേഹം അബ്ശിർ വഴി എക്‌സിറ്റ് റീഎൻട്രി ദീർഘിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. യാത്രക്കു മുൻപ് എക്‌സിറ്റ് റീഎൻട്രി നീട്ടാൻ സാധിക്കുമോ?
ഉത്തരം: എക്‌സിറ്റ് റീഎൻട്രി ഇഷ്യൂ ചെയ്താൽ അതു പിന്നെ മാറ്റം വരുത്തുന്നതിനോ ദീർഘിപ്പിക്കുന്നതിനോ കഴിയില്ല. എന്നാൽ നാട്ടിലെത്തിയ ശേഷം എക്‌സിറ്റ് റീഎൻട്രി കാലാവധി കഴിയുന്നതിനു മുന്നേ നീട്ടാൻ കഴിയും. എക്‌സിറ്റ് റീഎൻട്രി നീട്ടുന്നതിന് ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ സാധിക്കില്ല. ഇഖാമ കാലാവധി അവസാനിക്കുകയോ, അവസാനിക്കാറാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു സ്‌പോൺസർക്ക് പുതുക്കാൻ കഴിയും. അതിനു ശേഷം എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി ദീർഘിപ്പിക്കുന്നതിനും നിങ്ങൾ നാട്ടിലായിരിക്കേ സ്‌പോൺസർക്കു കഴിയും.
പാസ്‌പോർട്ട് കാലാവധി കഴിഞ്ഞാൽ ഇഖാമ പുതുക്കാനാവുമോ?
ചോദ്യം: എന്റെ ഇഖാമയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞു. പാസ്‌പോർട്ട് പുതുക്കാതെ ഇഖാമ പുതുക്കാൻ കഴിയുമോ? അതോ പാസ്‌പോർട്ടാണോ ആദ്യം പുതുക്കേണ്ടത്?
ഉത്തരം: ജവാസാത്ത് നിയമപ്രകാരം പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇഖാമ പുതുക്കാനാകില്ല. ആദ്യം പാസ്‌പോർട്ട് പുതുക്കുകയും അതു ജവാസാത്തിന്റെ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണം. എങ്കിൽ മാത്രമേ ഇഖാമ പുതുക്കാനാകൂ.
വിസിറ്റിംഗ് വിസ റസിഡന്റ് വിസയാക്കൽ
ചോദ്യം: വിസിറ്റിംഗ് വിസയെ റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയുമെന്നു കേട്ടു. അതു ശരിയാണോ? എങ്കിൽ അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: വിസിറ്റിംഗ് വിസ റസിഡന്റ് വിസയാക്കുന്നതിന് നിലവിൽ നിയമമില്ല. നിലവിലെ ഇമിഗ്രേഷൻ നിയമം പ്രകാരം വിസിറ്റിംഗ് വിസയിൽ വന്നവർ നിശ്ചിത കാലാവധി കഴിയുന്നതിനു മുമ്പ് രാജ്യം വിടണം. അല്ലെങ്കിൽ നിയമ നടപടികൾക്കു വിധേയരാകേണ്ടി വരും.