Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന

റിയാദ് - സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന. മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തിൽ ഇത് 9.7 ശതമാനമായിരുന്നു. മൂന്നാം പാദത്തിൽ സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു. 1999 മുതൽ ലഭ്യമായ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. മൂന്നാം പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.5 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 19.3 ശതമാനമായിരുന്നു. സ്വദേശികളും വിദേശികളും അടക്കം സൗദി ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദത്തിലും 5.8 ശതമാനമായി മാറ്റമില്ലാതെ തുടർന്നു. സൗദി ജനസംഖ്യയിൽ പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനവും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 16.6 ശതമാനവുമാണ്.
മൂന്നാം പാദത്തിൽ സൗദി അറേബ്യ 8.6 ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉയർന്ന സാമ്പത്തിക വളർച്ച സഹായിച്ചു. പരിഷ്‌കരിച്ച നിതാഖാത്ത് കഴിഞ്ഞ വർഷം മേയിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത് സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സഹായിച്ചു.
കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2020 ആദ്യ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു. ഇതിനെ അപേക്ഷിച്ച് മൂന്നാം പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറവാണ്. രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്ക് 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ്.
കൊറോണ മഹാമാരി വ്യാപനത്തോടെ 2020 രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയർന്നിരുന്നു. മൂന്നാം പാദത്തിൽ 14.9 ഉം നാലാം പാദത്തിൽ 12.6 ഉം കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 11.7 ഉം രണ്ടും മൂന്നും പാദങ്ങളിൽ 11.3 ഉം നാലാം പാദത്തിൽ 11 ഉം ശതമാനമായി ഇത് കുറഞ്ഞു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ 2016 ൽ പ്രഖ്യാപിച്ച ശേഷം വിഷൻ 2030 പദ്ധതി ഫലങ്ങൾ നൽകാൻ തുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Tags

Latest News