Sorry, you need to enable JavaScript to visit this website.

ഷുക്കൂര്‍ വധത്തിലെ ആരോപണം : പി.കെ കുഞ്ഞാലിക്കുട്ടി വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ

കോഴിക്കോട് :  കണ്ണൂരിലെ മുസ്‌ലീം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ സി.പി.എം നേതാവ് പി.ജയരാജനെ രക്ഷിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം മുസ്‌ലീം ലീഗിലെ വിഭാഗീയതയുടെ ഭാഗമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിയെ കുടുക്കാനായി പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരായ ചില നേതാക്കള്‍ ഒരുക്കിയ കെണിയാണിതെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ സംശയിക്കുന്നത്.

മുന്‍ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രനാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് വന്നത്. പി.ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന അന്നത്തെ കണ്ണൂര്‍ എസ്.പിയെ വിളിച്ച് കൊലപാതകക്കുറ്റം ചുമത്തരുതെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചുവെന്നും അഡ്വ: ടി.പി.ഹരീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

ആരോപണം മുസ്‌ലീം ലീഗ് നേതൃത്വം തുടക്കത്തില്‍ തന്നെ തള്ളിയിരുന്നെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടി ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചിലരെയെല്ലാം ഉന്നം വെക്കുന്ന രീതിയിലുള്ള പ്രതികരണവുമായി ഇന്നലെ അദ്ദേഹം രംഗത്തെത്തുകയായിരുന്നു. ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും മൂന്ന് നാല് പേര്‍ ഇതിന്റെ പിന്നിലുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പി.കെ,.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം തന്നെ കൊല്ലാന്‍ വന്നാല്‍ പോലും വെറുതെ വിട്ടേക്കും പക്ഷേ ഇത് വെറുതെ വിടില്ലെന്നും നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സി.പി.എമ്മിനെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളേയോ ഇതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തിയില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.

കണ്ണൂരിലെ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്ക് നേരെയാണ് കുഞ്ഞാലിക്കുട്ടി വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തം. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍ അടക്കമുള്ള തന്റെ വിരുദ്ധര്‍ക്കെതിരെയാണ്  കുഞ്ഞാലിക്കുട്ടിയുടെ ഉന്നം.  കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ നീക്കത്തിന്റെ ഭാഗമായിത്തന്നെയാണ് ഇപ്പോള്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നതെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ സമ്മതിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു.  അതിന്റെ വിവരങ്ങള്‍ ലഭിക്കാനായാണ് തുടക്കത്തില്‍ അദ്ദേഹം പ്രതികരിക്കാതെ കാത്തിരുന്നത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്ത സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പാര്‍ട്ടിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പില്‍ നിന്ന് ഉയരുന്നത്. പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാറിനും ഇടതു മുന്നണിക്കും അനുകൂലമായ നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്യുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സര്‍ക്കാര്‍ അനുകൂല പ്രസ്്താവനകള്‍ കാരണം മുസ്‌ലീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന പ്രചാരണവും ശക്തമാണ്.

യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലീം ലീഗ് പല വിഷയങ്ങളിലും യു ഡി എഫ് നിലപാടിന് വിരുദ്ധമായാണ് അടുത്ത കാലത്തായി നിലകൊള്ളുന്നത്. ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോരില്‍ സര്‍ക്കാറിന്റെയും സി പി എമ്മിന്റെയും നിലപാടുകള്‍ക്കൊപ്പമാണ് മുസ്‌ലീം ലീഗ്  നിലകൊണ്ടത്. ഏറ്റവുമൊടുവില്‍ പി.ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍  ഇ.പി ജയരാജനെതിരെ ആന്തൂരിലെ റിസോര്‍ട്ടിന്റെ പേരില്‍ സാമ്പത്തികമായ ആരോപണങ്ങളടക്കം ഉന്നയിച്ചപ്പോള്‍ അത് സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമുള്ള പ്രസ്താവനയാണ് പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് കുഞ്ഞാലിക്കുട്ടി ഈ വിഷയത്തെ ലഘൂകരിച്ചത്. എന്നാല്‍ കെ.എം.ഷാജിയും കെ.പി.എ മജീദും അടക്കമുള്ള നേതാക്കളും യൂത്ത് ലീഗും കുഞ്ഞാലിക്കുട്ടിയെ തിരുത്തി രംഗത്തെത്തിയിരുന്നു. ഒടുവില്‍ കുഞ്ഞാലിക്കുട്ടിക്കും നിലപാട് മാറ്റേണ്ടി വന്നു. അടുത്തകാലത്തായി ഇത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ മുസ്‌ലീം ലീഗ് നേതാക്കള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്.
കെ.എം.ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി ഷാജിക്കൊപ്പം ഉറച്ചു നില്‍ക്കാതിരുന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദമാണെന്നും കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ പറയുന്നുണ്ട്. അഡ്വ. ഹരീന്ദ്രന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊടുന്നനെ നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ കണ്ണൂരില്‍ നിന്നുള്ള ചിലരാണെന്ന് തുടക്കം മുതല്‍ തന്നെ കുഞ്ഞാലിക്കുട്ടി വിഭാഗം സംശയിച്ചിരുന്നു.  അത് ഒന്നു കൂടി ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നതും ഇന്നലെ കൂഞ്ഞാലിക്കുട്ടി പരോക്ഷ സൂചനകളോടെ രംഗത്തു വന്നതും.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി അടുത്ത ബന്ധമുള്ളയാളാണ് അഡ്വ.ടി.പി ഹരീന്ദ്രന്‍. അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൂഡാലോചനയാണോ ഇതിന്റെ പിന്നിലെന്ന് ചിലര്‍ക്കെങ്കിലും  സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സാധ്യത തള്ളിക്കളയുന്ന തരത്തിലാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തുള്ള നേതാക്കളില്‍ പലരും നല്‍കുന്ന സൂചനകള്‍. അതേസമയം ആരുടെയും പ്രേരണയാലല്ല താന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചതെന്ന വെളിപ്പെടുത്തലുമായി അഡ്വ. ടി.പി. ഹരീന്ദ്രന്‍ ഇന്നലെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലീം ലീഗിലെ ചില നേതാക്കളെയാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഉന്നം വെച്ചതെങ്കില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ പോര് മൂക്കാനാണ് സാധ്യത.

 

Latest News