പത്തനംതിട്ട - തിരുവല്ലക്കടുത്ത കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ കെ.ജി സഞ്ജുവിന് വെട്ടേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ സഞ്ജുവിനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി സഞ്ജു പറഞ്ഞു. പ്രാവിൻകൂട് ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വച്ച് ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് വെട്ടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.